എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു, 14 കോടി ചെലവ്; 'ഓട്ടം' ട്രോളി മന്ത്രിമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 01:09 PM  |  

Last Updated: 08th January 2022 01:09 PM  |   A+A-   |  

edappal flyover

എടപ്പാള്‍ മേല്‍പ്പാലം

 

മലപ്പുറം: പലകാരണങ്ങളാല്‍ നിര്‍മ്മാണം വര്‍ഷങ്ങളോളം മുടങ്ങിയിരുന്ന കോഴിക്കോട്-തൃശ്ശൂര്‍ പാതയിലെ എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ഥ്യമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഏറെ നാളായി എടപ്പാളില്‍ നിലനിന്നിരുന്ന കുരുക്കിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

14 കോടി ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. തൃശ്ശൂര്‍ റോഡില്‍ മന്ത്രി റിയാസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനവലിയും വിശിഷ്ടാതിഥികളും പാലത്തിലൂടെ നടന്ന് കുറ്റിപ്പുറം റോഡിലെ പൊതുസമ്മേളനത്തില്‍ പങ്കാളികളായി. 

പാലം ഉദ്ഘാടനം ജനകീയമാക്കുന്നതിന്റെ ഭാഗമായി 'എടപ്പാള്‍ ഓട്ടം' ട്രോളി മന്ത്രിമാരും മുന്‍ മന്ത്രിമാരും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എടപ്പാളിലൂടെ ഇനി തടസ്സങ്ങളില്ലാതെ ഓടാമെന്നാണ് മന്ത്രിമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നത്.

മന്ത്രി വി. അബ്ദുറഹ്മാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി , എംഎല്‍എമാരായ കെ ടി ജലീല്‍, പി നന്ദകുമാര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ആര്‍ബിഡിസികെ എം ഡി എസ് സുഹാസ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ സിങ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

2015-ല്‍ എംഎല്‍എയായിരുന്ന കെ ടി ജലീലാണ് എടപ്പാളില്‍ ഗതാഗതക്കുരുക്കിനു പരിഹാരമായി മേല്‍പ്പാലമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അതിന് അനുമതിനല്‍കി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്പീഡ് 20 പദ്ധതിയിലുള്‍പ്പെടുത്തിയെങ്കിലും സാമ്പത്തികപ്രതിസന്ധി തിരിച്ചടിയായി. തിരഞ്ഞെടുപ്പും വന്നതോടെ 23 കോടി രൂപയുടെ പാലം പദ്ധതി ഉപേക്ഷിച്ചു. അടുത്ത ഇടതുസര്‍ക്കാരില്‍ ഡോ. തോമസ് ഐസക്, ജി. സുധാകരന്‍, കെ.ടി. ജലീല്‍ എന്നിവരുടെ ശ്രമഫലമായി പദ്ധതി ഉള്‍പ്പെടുത്തി. പാലത്തിന്റെ നീളവും വീതിയും കുറച്ച് ടെന്‍ഡര്‍ചെയ്തു. തറക്കല്ലിട്ട് പണിതുടങ്ങി. തുടക്കം മുതല്‍ ഉണ്ടായ തടസ്സങ്ങളുടെ വേലിയേറ്റം മറികടന്നാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയായത്.