ബസില്‍ വെച്ച് വിദ്യാര്‍ഥിനിയെ മോശമായി സ്പര്‍ശിച്ചു, ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 07:56 AM  |  

Last Updated: 08th January 2022 07:56 AM  |   A+A-   |  

Busconductor

പ്രതീകാത്മക ചിത്രം


പോത്തൻകോട്: ബസിൽ വെച്ച് വിദ്യാർഥിയോട് മോശമായി പെരുമാറിയതിന് ഡപ്യൂട്ടി ലേബർ കമ്മിഷണറും ഡപ്യൂട്ടേഷനിൽ കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുരേഷ് (51) അറസ്റ്റിൽ. ബസിൽ സമീപത്തിരുന്ന ബിടെക് വിദ്യാർഥിനിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. 

നാഗർകോവിലിലെ എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കൊല്ലം സ്വദേശിനിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്  കൊടുങ്ങല്ലൂരിലേക്കു പോകുന്ന കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയും കൂട്ടുകാരിയും ഇരുന്ന സീറ്റിൽ ഒപ്പം സുരേഷ് വന്നിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനു സമീപം എത്തിയപ്പോൾ വിദ്യാർഥിനിയുടെ ശരീരത്തിൽ ഇയാൾ മോശമായി സ്പർശിച്ചു.

വിദ്യാർഥിനികൾ ഇയാൾക്കെതിരെ ശക്തമായി പ്രതികരിച്ചു. ബസ് കണിയാപുരം ഡിപ്പോയിലെത്തിയപ്പോൾ സുരേഷ് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മറ്റു യാത്രക്കാർ തടഞ്ഞു മംഗലപുരം പൊലീസിനെ ഏൽപിച്ചു.