ഭർത്താവിന്റെ നിരന്തര ശല്യം, രണ്ടു വർഷം സഹിച്ചു; യുവതി പരാതി നൽകിയത് ​ഗതികെട്ട്; പങ്കാളികളെ കൈമാറാൻ ഒത്തു ചേർന്നിരുന്നത് വീടുകളിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 08:23 AM  |  

Last Updated: 10th January 2022 08:23 AM  |   A+A-   |  

exchanging_partners

ടെലിവിഷൻ ദൃശ്യം

 

കോട്ടയം; കുറുകച്ചാലിൽ ഇന്നലെയാണ് പങ്കാളികളെ കൈമാറുന്ന ​ഗ്രൂപ്പിലെ ഏഴു പേർ അറസ്റ്റിലായത്. അതിന് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ​ഗ്രൂപ്പിൽ ആയിരത്തിൽ അധികം അം​ഗങ്ങളുണ്ടായിരുന്നു. ​ഗ്രൂപ്പിലുണ്ടായിരുന്ന ഒരാളുടെ ഭാര്യ ​ഗതികെട്ട് പരാതി നൽകിയതിന് പിന്നാലെയാണ് അന്വേഷണം നടന്നത്. 

ഭർത്താവ് ​ഗ്രൂപ്പ് ഉപയോ​ഗിച്ചത് പണത്തിനും സ്ത്രീകൾക്കും വേണ്ടി

ഭർത്താവിന്റെ നിരന്തര ശല്യത്താൽ ഗതികെട്ടാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ 26 വയസുകാരി കറുകച്ചാൽ പൊലീസിൽ പരാതി നൽകിയത്. 2  വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്. പീഡനങ്ങൾ തുടർന്നതോടെയാണ് ഭർത്താവിനെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് 32കാരനായ ഭർത്താവ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. 

​ഗ്രൂപ്പിൽ മാനസിക വൈകൃതമുള്ളവരും

​ഗ്രൂപ്പിലൂടെ പരിചയപ്പെടുന്ന ദമ്പതികൾ പിന്നീട് നേരിട്ട് കണ്ട് സൗഹൃദം സ്ഥാപിക്കും. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരുകയാണു പതിവെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നു ഡിവൈഎസ്പി എസ്.ശ്രീകുമാർ പറഞ്ഞു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് പറയുന്നു.