'കൊലയ്ക്ക് കാരണം എംഎം മണി - എസ് രാജേന്ദ്രന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം'; ധീരജിന്റെ കൊലാപതകം ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കും; കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 05:43 PM  |  

Last Updated: 10th January 2022 05:43 PM  |   A+A-   |  

sudhakaran

കെ സുധാകരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷൻ ചിത്രം

 

മലപ്പുറം: എംഎം മണി - എസ് രാജേന്ദ്രന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പൈനാവിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് കാരണമെന്ന് പ്രചാരണമുണ്ടെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍. ഏത് സാഹചര്യത്തിലാണ് കൊലപാതകമെന്ന് പരിശോധിക്കും. നിരന്തരമുള്ള കൊലപാതകങ്ങളും ഭീഷണിപ്പെടുത്തലുകളും സിപിഎമ്മിന്റെ രീതിയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

കലാലയ രക്തസാക്ഷികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കെഎസ് യുക്കാരാണ്. പലയിടങ്ങളിലും കെഎസ് യുവിന് സംഘടനാ സ്വാതന്ത്ര്യം പോലും ഇല്ല. ഇന്ന് മഹാരാജാസ് കോളജില്‍ ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ വന്ന് കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദദ്ദിച്ചിരിക്കുകയാണ്. ആരാണ് ആക്രമകാരികളെന്ന് കേരളം വിലയിരുത്തട്ടെ?. കെഎസ് യു കോണ്‍ഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തതെന്ന് പറയണം?. ആരാണ് അക്രമത്തിന്റെ വക്താക്കള്‍?. കെഎസ് യു ആണോ?, എസ്എഫ്‌ഐ ആണോ?. എന്നിട്ടുവേണം സുധാകരന്റെ വരവും പഴിചാരലുമൊക്കെ. നിരന്തരം കൊലപാതകം നടത്തി വിദ്യാര്‍ഥി സമൂഹത്തെ ഭയപ്പെടുത്തി നശിപ്പിച്ച് നാറാണക്കല്ലാക്കുന്ന ഇടതുപക്ഷത്തിന് തങ്ങളെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോളജിനകത്ത് കൊലപാതകം എങ്ങനെ നടന്നെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. ഈ കൊലപാതകത്തെ കുറിച്ച് താന്‍ പഠിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്ന് പരിശോധിച്ച ശേഷമെ തനിക്ക് അതിനെ കുറിച്ചു പറയാനാകൂ. കൊലപാതകത്തെ ന്യായീകരിക്കില്ല. കൊല നടത്തിയത് കെഎസ് യു ആണെങ്കില്‍ അപലപിക്കും. എംഎം മണി - എസ് രാജേന്ദ്രന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ കൊലപാതകത്തിന് കാരണമെന്ന് ഇപ്പോള്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. അതിന്റെ നിജസ്ഥിതി മനസിലാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സുധാകരന്‍ പറഞ്ഞു.