കുട്ടികൾക്ക് സ്‌കൂളുകളിൽ വാക്‌സിനേഷൻ ഇന്ന് മുതൽ; ആധാറോ സ്‌കൂൾ ഐഡിയോ നിർബന്ധം, നിർദേശങ്ങൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2022 06:53 AM  |  

Last Updated: 19th January 2022 06:53 AM  |   A+A-   |  

kerala students vaccine

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് മുതൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകും. പരമാവധി കുട്ടികളെ വാക്‌സിൻ നൽകി സുരക്ഷിതരാക്കാനാണ് സ്‌കൂളുകളിൽ വാക്‌സിനേഷൻ നടത്താൻ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് ക്രമീകരണങ്ങൾ നടത്തിയത്. 15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക. 

രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. വാക്സിനേഷനായി 967 സ്‌കൂളുകൾ സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൂർണമായും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും വാക്‌സിനേഷൻ പ്രവർത്തിക്കുക. 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. 

സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേർക്ക് (55 ശതമാനം) ഇതിനോടകം വാക്സിൻ സ്വീകരിച്ചു. 2007ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്‌സിൻ എടുക്കാവുന്നതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷൻ സമയം. 

സാധാരണ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പോലെ 

500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്‌സിനേഷൻ നടത്തുന്നത്. സ്‌കൂളുകളിൽ തയ്യാറാക്കിയ വാക്‌സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സാധാരണ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പോലെ സ്‌കൂൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവ ഉണ്ടായിരിക്കും. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാർത്ഥികളെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. 

ആധാറോ സ്‌കൂൾ ഐഡി കാർഡോ വേണം

കൈകൾ സാനിറ്റൈസ് ചെയ്ത ശേഷം വിദ്യാർത്ഥികൾ വെയിറ്റിംഗ് ഏരിയയിൽ വിശ്രമിക്കണം. ആധാറോ സ്‌കൂൾ ഐഡി കാർഡോ കുട്ടികൾ കയ്യിൽ കരുതണം. വാക്‌സിനേഷൻ ഡെസ്‌കിൽ ഇവ കാണിച്ച് രജിസ്റ്റർ ചെയ്ത കുട്ടിയാണെന്ന് ഉറപ്പ് വരുത്തും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലർജിയോ ഇല്ലായെന്ന് ചോദിച്ച് ഉറപ്പ് വരുത്തും. അതിന് ശേഷം വാക്‌സിനേഷൻ റൂമിലെത്തി വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും. വാക്‌സിനെടുത്ത ശേഷം ഒബ്‌സർവേഷൻ റൂമിൽ 30 മിനിറ്റ് കുട്ടികളെ നിരീക്ഷിക്കുന്നതായിരിക്കും.