'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്; പാന്റിലാണ് കള്ളസുവറ്..' പരിഹസിച്ച് എം വി ജയരാജന്‍

മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍.' ജയരാജന്‍ പറഞ്ഞു
എം വി ജയരാജന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
എം വി ജയരാജന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാതല സംഘാടകസമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

" എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍... സാധാരണ മുണ്ടും ഷര്‍ട്ടുമാണ്... ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍.' ജയരാജന്‍ പറഞ്ഞു.

നേരത്തെ, പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് വേഷം മാറിവന്ന ഗുണ്ടകളാണെന്ന് എം വി ജയരാജന്‍ ആരോപിച്ചിരുന്നു. ജനാധിപത്യപരമായ രീതിയില്‍ നടത്തുന്ന സമരത്തെ ആരും എതിര്‍ക്കില്ല. പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ചുപേര്‍മാത്രം ദിനേശ് ഓഡിറ്റോറിയത്തിലെത്തിയത് സമരം നടത്താനല്ല. അക്രമം നടത്താനാണെന്നും ജയരാജൻ ആരോപിച്ചു.  

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്ക് ഇടിച്ചു കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ റിജില്‍ മാക്കുറ്റിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും ചെയ്തു. പൊലീസ് നോക്കി നില്‍ക്കെ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ഉള്‍പ്പടെയുള്ള 'ഗുണ്ടാ പ്രമുഖര്‍' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കില്‍, ഈ വണ്ടി അധികം ദൂരം ഓടില്ലെന്നും, ഈ അതിക്രമത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com