500 രൂപയ്ക്ക് ഫോണ്‍ വാങ്ങി; കണ്ടക്ടര്‍ക്ക് 2000 രൂപ ഗൂഗിള്‍ പേ ചെയ്യിപ്പിച്ചു; പെണ്‍കുട്ടികളുടെ യാത്ര ദുരൂഹം; പിന്നിലാര്?; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2022 07:25 AM  |  

Last Updated: 29th January 2022 07:31 AM  |   A+A-   |  

missing girls

സിസിടിവി ദൃശ്യത്തിൽ നിന്ന്

 

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം ഗേള്‍സ് ഹോമില്‍ നിന്നും ചാടി രക്ഷപ്പെട്ട പെണ്‍കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് വിശദമായി മൊഴിയെടുത്തതിന് ശേഷമാകും കുട്ടികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുക. കുട്ടികളുടെ യാത്രയ്ക്ക് പിന്നില്‍ ആരെങ്കിലുമുണ്ടോ, ആരെല്ലാം സഹായിച്ചു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. 

ബുധനാഴ്ച ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ എല്ലാവരെയും ഇന്നലെയും വ്യാഴാഴ്ചയുമായി കണ്ടെത്തിയിരുന്നു. ഒരാളെ ബംഗളൂരു മഡിവാളയില്‍ നിന്നും രണ്ടാമത്തെ പെണ്‍കുട്ടിയെ മാണ്ഡ്യയില്‍ നിന്നുമാണ് പിടികൂടിയത്. മറ്റു നാലു പെണ്‍കുട്ടികളെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയിരുന്നു.

അതേസമയം ആറു പെണ്‍കുട്ടികളുടെ യാത്രയില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. 26നു രാവിലെ ഹോമിലെ റിപ്പബ്ലിക്ദിന പരിപാടിയില്‍ ഈ കുട്ടികളും സജീവമായിരുന്നു. വൈകിട്ട് മൂന്നു മണി വരെ ആറു പേരും അവിടെ ഉണ്ടായിരുന്നതായാണ് വിവരം. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. 

നഗരത്തിലെത്തിയ കുട്ടികള്‍ 500 രൂപയ്ക്ക് ഒരാളില്‍നിന്നു സാധാരണ ഫോണ്‍ വാങ്ങി. അതില്‍നിന്നു ഒരാളെ വിളിച്ചു ഫോണ്‍ നല്‍കിയ ആള്‍ക്കു 500 രൂപ ഗൂഗിള്‍ പേ ചെയ്യിപ്പിച്ചു.പിന്നീട് കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട്ടേക്കു യാത്ര ചെയ്തു. ടിക്കറ്റെടുക്കാന്‍ പണമില്ലെന്നു വന്നപ്പോള്‍ ഒരാളെ ഫോണില്‍ വിളിച്ചു 2000 രൂപ കണ്ടക്ടര്‍ക്കു ഗൂഗിള്‍ പേ ചെയ്യിപ്പിച്ചു. ടിക്കറ്റ് ചാര്‍ജ് കഴിച്ചുള്ള പണം കണ്ടക്ടര്‍ കുട്ടികള്‍ക്കു നല്‍കി. 

പാലക്കാട്ടുനിന്നു ട്രെയിനില്‍ കയറി. കോയമ്പത്തൂരെത്തിയപ്പോള്‍ ടിടിഇ ടിക്കറ്റില്ലെന്ന കാരണത്താല്‍ ഇവരെ ഇറക്കി വിട്ടു. അവിടെ നിന്നു ബംഗളൂരുവിലേക്കു മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്തു. രണ്ടുപേര്‍ പിടിയിലായതോടെ എങ്ങോട്ടു പോകണമെന്ന ആശങ്കയിലായി കുട്ടികള്‍. അവരില്‍ ഒരാളുടെ നിലമ്പൂര്‍ എടക്കരയിലുള്ള ആണ്‍സുഹൃത്തിനെ ബന്ധപ്പെട്ടു. അങ്ങനെയാണ് പെണ്‍കുട്ടികള്‍ എടക്കരയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം ബംഗളൂരുവില്‍ അടക്കം പെണ്‍കുട്ടികള്‍ക്ക് ആരെല്ലാം സഹായം നല്‍കി എന്നതടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.