'പല തവണ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്'; പി സി ജോര്‍ജിന് എതിരെ കേസെടുക്കണം: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതില്‍ പ്രതിഷേധവുമായി കെയുഡബ്ല്യുജെ

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയയായി പെരുമാറിയ പിസി ജോര്‍ജിന് എതിരെ കേസെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയയായി പെരുമാറിയ പിസി ജോര്‍ജിന് എതിരെ കേസെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. 'തൊഴില്‍ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്ന പി സി ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ശനിയാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതായി അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സാമാന്യ മര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായത്.

മാധ്യമങ്ങളോട് പ്രതികരിക്കവെ അറസ്റ്റിന് അടിസ്ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പി സി ജോര്‍ജ് ആവര്‍ത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദാപരമായ പെരുമാറ്റം ജോര്‍ജില്‍ നിന്ന് ഉണ്ടായത്. പി സി ജോര്‍ജിനെപ്പോലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനില്‍നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണിത്. മുമ്പും പല തവണ ഇത്തരം പെരുമാറ്റങ്ങള്‍ പി സി ജോര്‍ജ് ആവര്‍ത്തിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണം. ജോര്‍ജിനെതിരെ കേസ് എടുക്കണം' യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

കൈരളി ടീവി സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ഷീജയോടാണ് പി സി ജോര്‍ജ് മോശമായി പെരുമാറിയത്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്ന് പറഞ്ഞ് ജോര്‍ജ് അപമാനിക്കുകയായിരുന്നു. പീഡനക്കേസില്‍ പിസി ജോര്‍ജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരേ അപ്പോള്‍ തന്നെ ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഷീജയ്ക്ക് നേരേ കയ്യേറ്റത്തിനും മുതിര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com