കെ റെയില്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്രത്തിന് അയച്ച ഗവര്‍ണറുടെ കത്ത് പുറത്ത്; ഓര്‍ക്കുന്നില്ലെന്ന് വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 03:09 PM  |  

Last Updated: 04th July 2022 03:09 PM  |   A+A-   |  

governor Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍ ചിത്രം

 

തിരുവനനന്തപുരം: കെ റെയില്‍ പദ്ധതിക്ക് അനുമതി തേടി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ കേന്ദ്രസര്‍ക്കാരിന് എഴുതിയ കത്ത് പുറത്ത്. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് 2021 ഓഗസ്റ്റ് 16ന് അയച്ച കത്താണ് പുറത്തുവന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 24 ഡിസംബര്‍ 2020ല്‍ അന്നത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കത്തയിച്ചിരുന്നതായും പുതിയ കത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതിയും നല്‍കിയിട്ടുണ്ട്. 17 ജൂണ്‍ 2020ല്‍ പദ്ധതിയുടെ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതായും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 13 ജൂലായ് 2021ല്‍ പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും കണ്ടിരുന്നതായും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കുന്നു. 

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജൂണ്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ എംപിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലേക്ക് 283 പേജുള്ള അജണ്ടയാണ് നല്‍കിയത്. ഈ അജണ്ടയില്‍ 251ാം പേജിലാണ് ഗവര്‍ണറുടെ കത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നല്‍കിയ കത്ത് പുറത്തുവന്നത്.

എന്നാല്‍, സില്‍വര്‍ലൈനിനെ കുറിച്ച് എഴുതിയ കത്തിനെ കുറിച്ച് ഓര്‍ക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് ഖാന്‍ പറഞ്ഞു. വിവാദങ്ങള്‍ക്ക് മുന്‍പ് സര്‍്ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ട് എഴുതിയ കത്താണ്. പദ്ധതിയെ കുറിച്ച് വിശദീകരിച്ച ശേഷം കത്തയ്ക്കാന്‍ ആവശ്യപ്പെട്ടതായും ചട്ടവിരുദ്ധമായി എന്തെങ്കിലും ഉണ്ടായാല്‍ മാത്രമേ എതിര്‍ക്കാന്‍ കഴിയുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അതിശക്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ