'പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല'; സജി ചെറിയാനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 08:47 PM  |  

Last Updated: 05th July 2022 08:47 PM  |   A+A-   |  

e_p_jayarajan

ഇ പി ജയരാജന്‍ കണ്ണൂരില്‍, സ്‌ക്രീന്‍ഷോട്ട്

 

കണ്ണൂര്‍:  പത്തനംതിട്ട മല്ലപ്പള്ളിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല. സദുദ്ദേശപരമായിരുന്നു പ്രസംഗം. ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടും കൂറ് പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാന്‍ എന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് വിവാദമാക്കുന്നത്. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. 'ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണം ഇടതുപക്ഷക്കാരില്‍ നിന്നല്ല. വലതുപക്ഷ ശക്തികളില്‍ നിന്നാണ് ആക്രമണം. വലതുപക്ഷ ശക്തികള്‍, പിന്തിരിപ്പന്‍ ശക്തികള്‍ എന്നിവരുടെ താത്പര്യങ്ങള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഭരണഘടന സന്നദ്ധമാകാതെ വരുമ്പോള്‍, ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണം ആരംഭിക്കും. അന്ന് ഭരണഘടനയെ സംരക്ഷിക്കാന്‍, ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം ഉണ്ടാവും. ആ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം.' - ഇ പി ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകും'; സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരമെന്ന് സിപിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ