മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 05:51 PM  |  

Last Updated: 06th July 2022 05:54 PM  |   A+A-   |  

saji_cheriyan_2

സജി ചെറിയാന്‍ സിപിഎം വേദിയില്‍ പ്രസംഗിക്കുന്നു/ഫയല്‍


തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജിവയ്‌ക്കേണ്ടിവരുമെന്ന് എജിയുടെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് എജിയുടെ നിയമോപദേശം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. 

ഇന്നു ചേര്‍ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. വിവാദത്തെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്.  ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായതെന്നും കഴിഞ്ഞദിവസം മന്ത്രി നിയമസഭയില്‍ പറഞ്ഞിുന്നു. എന്നാല്‍ മന്ത്രിയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ സമീപിച്ചു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പരിങ്ങലിലായി. 

മലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശമാണ് സജി ചെയിറിയാന്റെ രാജിയിലേക്ക് നയിച്ചത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നുമായിരുന്നു സജി ചെറിയാന്‍ പരാമര്‍ശം.
 

ഈ വാർത്ത കൂടി വായിക്കാം കേന്ദ്രമന്ത്രിമാരായ നഖ്‌വിയും ആര്‍സിപി സിങ്ങും രാജിവച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ