പനി ആണെന്ന് ടീച്ചർക്ക് മെസേജ്, കാണാതായ അഞ്ചാംക്ലാസ് വിദ്യാർഥിനി തിയറ്ററിൽ; ഒപ്പം ഇൻസ്റ്റഗ്രാം സുഹൃത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 08:32 AM  |  

Last Updated: 06th July 2022 08:32 AM  |   A+A-   |  

school

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: കാണാതായ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ പ്ലസ്‌വൺകാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററിൽ കണ്ടെത്തി. വീട്ടിൽനിന്ന് സ്കൂൾ ബസിൽ പുറപ്പെട്ട കുട്ടിയെ സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയായ കുട്ടിയെ കാണാതായത് സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ഏറെ പരിഭ്രാന്തരാക്കിയിരുന്നു. 

പനി ആയതിനാൽ ചൊവ്വാഴ്ച ക്ലാസിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് തിങ്കളാഴ്ച വൈകിട്ട് പെൺകുട്ടി ക്ലാസ് ടീച്ചർക്ക് സന്ദേശം അയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളിൽ പോകാനെന്ന വ്യാജേന പെൺകുട്ടി വീടുവിട്ടിറങ്ങി. വാനിൽ കയറി സ്കൂളിന് മുന്നിൽ ഇറങ്ങി. തുടർന്ന് സ്‌കൂളിന് മുന്നിൽ കാത്തുനിന്ന പതിനാറുകാരനൊപ്പം തിയറ്ററിലേക്ക് പോയി. സഹപാഠി സ്‌കൂളിന് മുന്നിൽ വെച്ച് പെൺകുട്ടിയെ കണ്ടകാര്യം അധ്യാപികയെ അറിയിച്ചു. ഇക്കാര്യം വാൻ ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി രാവിലെ വാനിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ ആശങ്കയിലായ അധ്യാപകർ പെൺകുട്ടിയുടെ വീട്ടിലും പൊലീസിലും വിവരം അറിയിച്ചു.

സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് നഗരത്തിലും പരിസരങ്ങളിലും പരിശോധന നടത്തി. ഒടുവിൽ കുട്ടിയെ നഗരത്തിലെ തിയറ്ററിൽ തിരുവനന്തപുരത്തുകാരനായ വിദ്യാർഥിക്കൊപ്പം കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് ഇരുവരും പരസ്പരം കാണാനെത്തിയത്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ആൺകുട്ടിയെ രക്ഷിതാക്കൾ എത്തിയശേഷം അവർക്കൊപ്പം അയക്കുമെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കനത്ത മഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ