എന്താ പ്രശ്‌നം?, എല്ലാം ഇന്നലെ പറഞ്ഞില്ലേ?; രാജിയില്ലെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന്‍

രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി
യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി

തിരുവനന്തുപുരം: ഭരണഘടന വിവാദത്തില്‍ രാജി ഇല്ലെന്ന് ആവര്‍ത്തിച്ച്  മന്ത്രി സജി ചെറിയാന്‍. രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്താ പ്രശ്‌നമെന്നും, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

ഭരണഘടനയെ വിമര്‍ശിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസംഗം രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സിപിഎം അവെലബിള്‍ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ചേര്‍ന്നു.മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ടിപി രാമകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെയും വിളിച്ചുവരുത്തിയിരുന്നു.  

പ്രതിപക്ഷ പാര്‍ട്ടികള്‍ സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കു പരാതി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജിയോട് നിയമോപദേശം തേടിയിരുന്നു. മന്ത്രിയുടെ നാക്കു പിഴയാണെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഇന്നലെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ഗവര്‍ണറുടെ ഭാഗത്തുനിന്ന് എതിരായ തീരുമാനം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യവും പാര്‍ട്ടി കണക്കിലെടുക്കുന്നു. മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിക്കു ലഭിച്ച നിയമോപദേശം. സജി ചെറിയാന്റെ പ്രസംഗത്തില്‍ സിപിഐയും വിയോജിപ്പ് അറിയിച്ചിരുന്നു. ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്ന് സിപിഐ വിലയിരുത്തല്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com