പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ്; 'സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 11:58 AM  |  

Last Updated: 06th July 2022 11:58 AM  |   A+A-   |  

swapna_suresh

സ്വപ്‌ന സുരേഷ്

 


തിരുവനന്തപുരം: എച്ച്ആര്‍ഡിഎസില്‍ നിന്നുള്ള പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. കാര്‍ഡ്രൈവറെ നേരത്തെ പിന്‍വലിച്ചിരുന്നു. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു. എച്ച്ആര്‍ഡിഎസ് നല്‍കിയ പുതിയ വീടും മാറേണ്ടി വരുമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. 

സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച് ആര്‍ഡിഎസ് വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. സ്വപ്ന സുരേഷിന് സംഘപരിവാർ ബന്ധമുള്ള ഒരു സ്ഥാപനം ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെത്തുടർന്നാണ് നടപടി. 

സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ ഭരണകൂട ഭീകരതയുടെ ഇരയായി സ്ഥാപനം മാറിയെന്ന് എച്ച്ആർഡിഎസ് ആരോപിച്ചു. സ്വർണക്കടത്തുകേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കറെ ജയിൽ മോചിതനായപ്പോൾ സർക്കാർ ജോലിയിൽ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു. ഇതിനാൽ സ്വപ്നയ്ക്കൊരു ജോലി നൽകുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്.

സ്വർണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരിൽ എച്ച്ആർഡിഎസിനെ ക്രൂശിക്കുന്ന സർക്കാർ കേസിലെ മുഖ്യപ്രതിയായി അറിയപ്പെടുന്ന ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും  എച്ച്ആർഡിഎസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമനം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ