മൊന്ത തുറന്നത് നിധിയെന്ന് കരുതി;  പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബ്;  കണ്ണൂര്‍ സ്‌ഫോടനത്തില്‍ ഉറവിടം തേടി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 10:53 AM  |  

Last Updated: 07th July 2022 10:55 AM  |   A+A-   |  

kannur_blast

മരിച്ച അസം സ്വദേശികള്‍


കണ്ണൂര്‍: മട്ടന്നൂരിലെ വീട്ടില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ആക്രി കച്ചവടക്കാരായ അസം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സൂക്ഷിച്ച ബോംബെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് ബോംബ് ലഭിച്ചതെന്ന് കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ആക്രി പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ മൊന്ത നിധിയാണെന്ന് കരുതി വീട്ടില്‍ കൊണ്ടുപോയി രഹസ്യമായി തുറന്നപ്പോഴുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടത്.  ഫസല്‍ ഹഖ് (52), മകന്‍ ഷാഹിദുള്‍ (25) എന്നിവരാണ് മരിച്ചത്

മട്ടന്നൂര്‍ പത്തൊമ്പതാം മൈല്‍ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപത്തെ വാടകവീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്.ആസാം സാര്‍ബോഗ്  ഫസല്‍ഹഖ് സ്ഥലത്തും ഷാഹിദുള്‍ ആശുപത്രിയിലുമാണ് മരിച്ചത്. നിധിയുടെ വിവരം പുറത്തറിയാതിരിക്കാന്‍ ഫസല്‍ഹഖ് മറ്റൊരു മകന്‍ തഫീഖുലിനെയും രണ്ട് തൊഴിലാളികളെയും സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ച് കടയിലേക്ക് അയച്ചിരുന്നു. 

വീടിന്റെ മുകളിലത്തെ നിലയില്‍ കയറിയ ഫസല്‍ഹഖും ഷാഹിദുളും പാത്രം തുറന്നപ്പോഴാണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഇരുവരും തെറിച്ചു താഴേക്ക് വീണു. പുറത്തുപോയവര്‍ മടങ്ങിയെത്തിയപ്പോഴാണ് ഇവരെ കണ്ടത്. ഇരുവരുടെയും കൈപ്പത്തി പൂര്‍ണമായും തകര്‍ന്നിരുന്നു. ഇരുകണ്ണുകളും പൊള്ളലേറ്റു കരിഞ്ഞ നിലയിലായിരുന്ന ഫസല്‍ഹഖ് അവിടെ വച്ചുതന്നെ മരിച്ചു.ഗുരുതരാവസ്ഥയിലായിരുന്ന ഷാഹിദുളിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു.

ഇവര്‍ രണ്ടുവര്‍ഷമായി ഇവിടെ ആക്രി ശേഖരിച്ചു ജീവിക്കുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ, എസിപി പ്രദീപന്‍ കണ്ണിപൊയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ചെമ്മണ്ണാറില്‍ മോഷ്ടാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഗൃഹനാഥന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ