22ാംദിവസം മാംഗോയെ തിരിച്ചുകിട്ടി; ആ കോളിന്റെ ഉടമയ്ക്ക് ഒരുലക്ഷം നല്‍കി ഡോക്ടര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 01:05 PM  |  

Last Updated: 07th July 2022 01:05 PM  |   A+A-   |  

anand_gopinath

തന്റെ വളര്‍ത്തുനായക്കൊപ്പം ഡോക്ടര്‍/ ചിത്രം ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: 22 ദിവസത്തെ കാത്തിരിപ്പിന് ശേഷം തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ മാംഗോയെ ഡോ. ആനന്ദ് ഗോപിനാഥിന് തിരിച്ചുകിട്ടി. പാലാരിവട്ടം പൈപ്പ് ലൈന്‍ ജങ്ഷനില്‍ വിപിജി ക്ലിനിക്ക് നടത്തുന്ന ഡോ. ആനന്ദ് ഗോപിനാഥിന്റെ 5 മാസം പ്രായമുള്ള വളര്‍ത്തു നായയെ കഴിഞ്ഞ മാസം 12നാണു കാണാതായത്. തുടര്‍ന്നു നായയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ആനന്ദ് പത്രത്തില്‍ പരസ്യം ചെയ്തു. നായ്ക്കുട്ടിയെ കണ്ടതായി പറഞ്ഞു പലരും ആനന്ദിനെ വിളിച്ചു.

തന്റെ സൈക്കിളില്‍ സമീപപ്രദേശത്തെല്ലാം ആനന്ദ് നായ്ക്കുട്ടിയെ തിരഞ്ഞു പോയി. പക്ഷേ, കണ്ടെത്താനായില്ല. ചൊവ്വാഴ്ച നായക്കുട്ടിയെ കണ്ടെന്ന് ഫോണ്‍ വിളി വന്നപ്പോള്‍ മുന്‍പത്തെ പോലെയുള്ള ഒരു അന്വേഷണം എന്നാണ് ആദ്യം കരുതിയെന്ന് ആനന്ദ് പറയുന്നു. തന്റെ വീടീന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലുള്ള റഫ്രിജറേറ്ററിന് അടിയില്‍ കഴിയുകയായിരുന്നു നായ്ക്കുട്ടി. കുറച്ചു ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ അവശനായ നിലയിലായിരുന്നെങ്കിലും ഒറ്റനോട്ടത്തില്‍ തന്നെ ആനന്ദ് തന്റെ നായയെ തിരിച്ചറിഞ്ഞു. 

നായ്ക്കുട്ടി കഴിഞ്ഞിരുന്ന പറമ്പിന്റെ സമീപത്തു താമസിക്കുന്ന ജിനീഷാണു നായ്ക്കുട്ടിയെ കണ്ട കാര്യം ആനന്ദിനെ അറിയിച്ചത്. വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി അപ്പോള്‍ തന്നെ ആനന്ദ് കൈമാറി. ഇതു പാരിതോഷികമല്ല, നന്ദി പ്രകടനം മാത്രമാണ് ആനന്ദ് പറഞ്ഞു. മൂന്ന് മാസം മുന്‍പാണ് കോയമ്പത്തൂരില്‍ കോമ്പൈ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ ആനന്ദ് വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അറവുകാരന്റെ വേഷത്തില്‍ ജീപ്പിനു മുകളില്‍ ബോബി; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ