'ക്ഷമിക്കണേ സിംഹമേ'യെന്ന് എംഎല്‍എ; തൊലിക്കട്ടി കുറവാണെന്ന്' സിപിഐ ജില്ലാ സെക്രട്ടറി, തോട്ടപ്പള്ളി മണലെടുപ്പില്‍ വാക്‌പ്പോര്

തോട്ടപ്പള്ളി സ്പില്‍ വെയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ വാക്‌പ്പോരുമായി എച്ച് സലാം എംഎല്‍എയും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും
ടി ജെ ആഞ്ചലോസ്, എച്ച് സലാം
ടി ജെ ആഞ്ചലോസ്, എച്ച് സലാം


ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വെയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ വാക്‌പ്പോരുമായി എച്ച് സലാം എംഎല്‍എയും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും. തോട്ടപ്പള്ളി പൊഴിമുഖത്തെ ധാതുമണലെടുപ്പ് സലാമിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ധാതുക്കള്‍ വേര്‍തിരിച്ചതിന് ശേഷം ബാക്കിവരുന്ന മണല്‍ പുറക്കാട് പഞ്ചായത്തിന്റെ തീരത്ത് നിക്ഷേപിക്കുന്നതില്‍ കെഎംഎലും ഐആര്‍ഇയും അനാസ്ഥ കാട്ടിയെന്ന് ആരോപിച്ചായിരുന്നു എച്ച് സലാം മണലെടുപ്പ് തടഞ്ഞത്. 

ഇതിന്റെ വാര്‍ത്ത ടി ജെ ആഞ്ചലോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വാക്‌പ്പോര് ആരംഭിച്ചത്. 'മെയ് മാസത്തെ ആദ്യ ഞായറാഴ്ച ലോക ചിരിദിനം' എന്നായിരുന്നു വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ആഞ്ചലോസ് കുറിച്ചത്. 

ഇതിന് മറുപടിയുമായി എച്ച് സലാം രംഗത്തെത്തി. 'സിപിഐയുടെ ജില്ലാ സെക്രട്ടറിയായ മഹാനായ നേതാവിനോട് അനുവാദം ചോദിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണേ സിംഹമേ' എന്നായിരുന്നു സലാമിന്റെ പരിഹാസം. 

ഇതിന് പിന്നാലെ, മണലെടുപ്പ് തുടരുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ആഞ്ചലോസ് രംഗത്തെത്തി. ' തോട്ടപ്പള്ളി ഇന്നത്തെ പ്രഭാതം, സിംഹങ്ങള്‍ക്ക് തൊലിക്കട്ടി കുറവാണ്, ട്രോളല്ല' എന്നായിരുന്നു ആഞ്ചലോസിന്റെ കുറിപ്പ്. 

ആദ്യം മണലെടുപ്പിന് അനുകൂലമായിരുന്ന സിപിഎം പിന്നീട് നിലപാട് മാറ്റിയിരുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ മണലെടുക്കാം എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാല്‍ ഇപ്പോള്‍ മണലെടുപ്പ് തടയുന്നത് എന്തിനാണ് എന്നാണ് സിപിഐ ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com