പ്രണയം നിരസിച്ചതിന് 14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു, തള്ളിയിട്ട് രക്ഷപ്പെട്ട് പെൺകുട്ടി; യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 08:46 AM  |  

Last Updated: 09th July 2022 08:46 AM  |   A+A-   |  

arrest

ജിനേഷ്

 

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ 14-കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 22-കാരൻ അറസ്റ്റിൽ. മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷി (22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജിനേഷ് കുത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ട് പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു പെൺകുട്ടി. 

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ പെരിന്തൽമണ്ണ ആനമങ്ങാട് ടൗണിലെ ട്യൂഷൻ സെന്ററിന് സമീപമാണ് സംഭവം. വീട്ടിൽനിന്ന് ബാഗിൽ കത്തിയുമായാണ് ജിനേഷ് ആനമങ്ങാട് എത്തിയത്. ട്യൂഷൻ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിർത്തി കുത്താൻ ശ്രമിച്ചു. കുത്താനായുന്നതു കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ചയിൽ കത്തി തെറിച്ചുപോയി. പെൺകുട്ടി ബഹളംവെച്ച് ആളുകൾ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ വന്ന വാഹനത്തിൽ തട്ടി വീണ്ടും വീണു. വീഴ്ചയിൽ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടർന്ന് പൊലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്‌സോ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ