മെമ്മറി കാര്‍ഡ് പരിശോധിച്ചത് 'മൂന്ന് തവണ', വിവോ ഫോണ്‍ ഉപയോഗിച്ചു; ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 08:31 PM  |  

Last Updated: 13th July 2022 08:42 PM  |   A+A-   |  

dileep

കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്. മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

മെമ്മറി കാര്‍ഡ് മൂന്ന് തീയതികളിലായി മൂന്ന് തവണ പരിശോധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2021 ജൂലൈ 19നാണ് കാര്‍ഡ് അവസാനമായി പരിശോധിച്ചത്. ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുള്ള സമയത്തായിരുന്നു പരിശോധന. വിവോ ഫോണിലിട്ടാണ് പരിശോധിച്ചതെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മെമ്മറി കാര്‍ഡില്‍ എട്ട് വീഡിയോ ഫയലുകളാണ് ഉള്ളത്. 2018 ജനുവരി ഒന്‍പതിന് കമ്പ്യൂട്ടറിലാണ് മെമ്മറി കാര്‍ഡ് ആദ്യം പരിശോധിച്ചത്. ആ വര്‍ഷം ഡിസംബര്‍ 13നും ഹാഷ് വാല്യൂവില്‍ മാറ്റം ഉണ്ടായതായി പരിശോധാനഫലം വ്യക്തമാക്കുന്നു.

മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണില്‍ വാട്‌സ് ആപ്പും ടെലഗ്രാമും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാത്രിയിലും കാര്‍ഡ് പരിശോധന നടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2020 ജനുവരി 29ന് കേന്ദ്ര ഫൊറന്‍സിക് ലാബ് നല്‍കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്‍കാന്‍ ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ