അത് പറയാന്‍ പാടില്ലാത്തത്; ചെയര്‍ നിയന്ത്രിച്ച ഇകെ വിജയന്‍ അപ്പോള്‍ തന്നെ പറഞ്ഞു; ദൃശ്യങ്ങള്‍ തെളിവ്

എംഎം മണിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ നില്‍ക്കുമ്പോഴായിരുന്നു ഇകെ വിജയന്റെ പ്രതികരണം
ഇകെ വിജയന്‍ ചെയര്‍ നിയന്ത്രിക്കുന്നു
ഇകെ വിജയന്‍ ചെയര്‍ നിയന്ത്രിക്കുന്നു

തിരുവനന്തപുരം: കെകെ രമയ്‌ക്കെതിരെ എംഎം മണി നടത്തിയ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ചെയര്‍ നിയന്ത്രിച്ചിരുന്ന ഇരുന്ന ഇകെ വിജയന്‍. സ്പീക്കറുടെ സെക്രട്ടറിയോട് വിജയന്‍ ഇക്കാര്യം പറയുന്നത്  സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലൂടെ പുറത്തുവന്നു. എംഎം മണി വിവാദപരാമര്‍ശം നടത്തുമ്പോള്‍  സിപിഐ എംഎല്‍എയായ ഇകെ വിജയനാണ് ചെയറിലുണ്ടായിരുന്നത്. 

എംഎം മണിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ നില്‍ക്കുമ്പോഴായിരുന്നു ഇകെ വിജയന്റെ പ്രതികരണം. പ്രതിപക്ഷ ബഹളത്തിനിടെ ചെയര്‍ നിയന്ത്രിച്ച ഇകെ വിജയനെ സഹായിക്കാനാണ് സ്പീക്കറുടെ സെക്രട്ടറിയെത്തിയത്. അതിനിടെയാണ്, അത് ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്.  സ്പീക്കര്‍ വരുമോയെന്ന് ഇകെ വിജയന്‍ സെക്രട്ടറിയോട് ചോദിക്കുന്നത്. എന്നാല്‍ എംഎം മണി പറഞ്ഞതില്‍ പിശകുണ്ടോയെന്ന് പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇകെ വിജയന്‍ പിന്നീട് വിശദീകരിച്ചു. പ്രസംഗിക്കുന്നവരാണ് ഔചിത്യം സ്വീകരിക്കേണ്ടത്. പരാമര്‍ശത്തിനിടെ നാട്ടുഭാഷകളും ഘടകമാവാമെന്നും ഇകെ വിജയന്‍ പറഞ്ഞു.

അതേസമയം, കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ പറഞ്ഞത് ശരിയായ കാര്യമെന്ന് ആവര്‍ത്തിച്ച് എംഎം മണി. അങ്ങനെ പറഞ്ഞതില്‍ ഒരുഖേദവും ഇല്ല. ഇതില്‍ സത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അങ്ങനെ പറഞ്ഞാല്‍ അതുവിഴുങ്ങേണ്ട കാര്യം തനിക്കില്ലെന്നും എംഎം മണി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷവും നാലുമാസവുമായിട്ട് നിയമസസഭയില്‍ നിരന്തരം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയെ വ്യക്തിപരമായും തോജോവധം ചെയ്ത് സംസാരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്നലെ നിയസമഭയില്‍ രമ പറഞ്ഞ ശേഷം സംസാരിക്കാനായിരുന്നു തനിക്ക് അവസരം ലഭിച്ചത്. അവരുടെ സംസാരത്തിന് ശേഷം അത്തരത്തില്‍ ഒരു മറുപടി കൊടുക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. അവര്‍ ഇത്രയും നാള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

രമയ്ക്കെതിരെ സംസാരിച്ചത് ശരിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതില്‍ ഒരു ഖേദവും തനിക്കില്ല. തന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ ഒരുമഹതി എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്ന് ബഹളം തുടങ്ങി. അതിനിടെ അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാള്‍ അവര്‍ വിധവയല്ലേയെന്ന് പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല. വിധവയായത് അവരുടെ വിധിയെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ അതാണ് നാക്കില്‍ വന്നത്. അതില്‍ വലിയ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

കേരള നിയസഭയില്‍ മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികള്‍ മാത്രമാണ് ഉള്ളത്. നിയമസഭയില്‍ രമയ്ക്ക് എന്തെങ്കിലും പ്രത്യേക റിസര്‍വേഷന്റെ കാര്യം ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പിന്നെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി തീരുമാനമെടുത്തല്ല. അന്നേ ആ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. തനിക്ക് അവരോടും വിദ്വേഷം ഇല്ലെന്നും അവരുടെത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മണി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com