പ്രതിഷേധത്തിന്റെ സൂത്രധാരന്‍, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശബരീനാഥന്‍ എന്ന് പൊലീസ്; ജാമ്യാപേക്ഷയില്‍ തീരുമാനം ഉടന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 04:14 PM  |  

Last Updated: 19th July 2022 04:14 PM  |   A+A-   |  

sabari

ശബരീനാഥന്‍/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരന്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ ആണെന്ന് പൊലീസ്. വിമാനത്തിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശബരിനാഥന്‍ ആണെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ അറസ്റ്റിലായ ശബരീനാഥനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

കേസില്‍ ശബരീനാഥന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. രാഷ്ട്രീയ പ്രേരിതമായ കേസാണ് ഇതെന്ന് ശബരീനാഥന്‍ പ്രതികരിച്ചു. കോടതി നിര്‍ദേശങ്ങള്‍ മറികടന്നാണ് അറസ്‌റ്റെന്നും ശബരിനാഥന്‍ പറയുന്നു. രാവിലെ 11ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ അറസ്റ്റ് പാടില്ലെന്നു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 10.50ന് അറസ്റ്റ് ചെയ്‌തെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. തന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 12.29ന് ആണെന്ന് ശബരീനാഥന്‍ പറഞ്ഞു.

ശബരീനാഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. രാവിലെ പത്തരയ്ക്കാണ് ശബരിനാഥന്‍ ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ഇതിനിടെ തന്നെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.

രാവിലെ പതിനൊന്നിനാണ് ശബരിനാഥന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദേശവും നല്‍കി. എന്നാല്‍ 10.50ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിന്റെ സമയം വ്യക്തമാക്കുന്ന രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഇന്നു ഹാജരാകാന്‍ നിര്‍ദേശിച്ച് ശബരിനാഥന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്നലെയാണ് നാട്ടീസ് നല്‍കിയത്.
വിമാനത്തിലെ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു നിര്‍ദേശം നല്‍കുന്ന വിധത്തില്‍ ശബരീനാഥന്‍ വാട്ട്‌സ്ആപ്പില്‍ പങ്കുവച്ച സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യാല്‍ വിളിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അറസ്റ്റ് അറിയിച്ചത് 12: 29ന്; രേഖകളില്‍ ഒപ്പുവച്ചത് 12: 30ന്; പൊലീസിന്റേത് കള്ളക്കളിയെന്ന് ഷാഫി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ