'കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ല'; ശ്രീറാമിനെ കളക്ടറാക്കിയതിനെതിരെ കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th July 2022 10:51 AM  |  

Last Updated: 24th July 2022 10:53 AM  |   A+A-   |  

sriram

ശ്രീറാം വെങ്കിട്ടരാമന്‍/ ഫയല്‍


 

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണം. സമരത്തിലേക്ക് പോകണമോ എന്ന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു.

ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, തിരികെ സര്‍വീസില്‍ പ്രവേശിച്ചശേഷം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആ പദവിയില്‍ നിന്നാണ് ആലപ്പുഴ കളക്ടറായി ശ്രീറാമിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ഡോ. നവ്‌ജ്യോത് സിങ് ഖോസയെ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കുകയും ചെയ്തു.

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിനെ എറണാകുളം ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു. ജെറോമിക് ജോര്‍ജ് ആണ് തിരുവനന്തപുരം ജില്ലയുടെ പുതിയ കളക്ടര്‍. എറണാകുളം ജില്ലാ കളക്ടറായിരുന്ന ജാഫര്‍ മാലികിനെ പിആര്‍ഡി ഡയറക്ടറായി നിയമിച്ചു. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. കെഎസ്‌ഐഡിസി എംഡിയായ എം ജി രാജമാണിക്യത്തെ റൂറല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണറായി നിയമിച്ചു. ഹരികിഷോര്‍ ആണ് കെഎസ്‌ഐഡിസിയുടെ പുതിയ എംഡി.

 

ഈ വാര്‍ത്ത കൂടി വായിക്കാം

 ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍; രേണു രാജ് എറണാകുളത്ത്, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ