പുതുതായി കൊണ്ടുവന്ന ജിഎസ്ടി നടപ്പാക്കില്ല; ആഡംബര സാധനങ്ങളുടെ നികുതി  വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 07:24 PM  |  

Last Updated: 26th July 2022 07:24 PM  |   A+A-   |  

gst-app_660_062317112454

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് പുതിയതായി കൊണ്ടുവന്ന ജിഎസ്ടി കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി വര്‍ധന കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവര്‍ധന  പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട്  പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവര്‍ധനയ്ക്കും സംസ്ഥാനം  എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട്.

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്‍പ്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുല്‍പ്പന്നങ്ങള്‍ക്കുമടക്കം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം   കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.  ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട്   ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. കൊച്ചി കാക്കനാട്ട് ടിസിഎസുമായി ചേര്‍ന്ന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഉത്തരവാദ നിക്ഷേപം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. സംരംഭകരുടെ പരാതി പരിഹരിക്കാന്‍ വൈകിയാല്‍ ഉത്തവാദപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വായ്പ നല്‍കുന്നതില്‍ കെഎസ്‌ഐഡിസിക്ക് റെക്കോര്‍ഡ് നേട്ടമാണുള്ളത്. 2021-22 കാലയളവില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ജനക്ഷേമത്തിനും സമഗ്രവികസത്തിനുമാണു സര്‍ക്കാര്‍ ശ്രമം. അതേസമയം, സര്‍ക്കാരിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം ചിലര്‍ നശീകരണ സ്വഭാവം കാണിക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബി വായ്പ സര്‍ക്കാരിന്റെ കടമായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓണത്തിന് 14 ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കും: മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ