രണ്ടുകോടി രൂപയുടെ ഇന്‍ഷുറന്‍സ്; ആലുവയില്‍ പിതൃകര്‍മങ്ങള്‍ ഇന്നുമുതല്‍, കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 07:52 AM  |  

Last Updated: 27th July 2022 07:52 AM  |   A+A-   |  

vavubali

ഫയല്‍ ചിത്രം

 

കൊച്ചി: ആലുവ മണപ്പുറത്ത് കര്‍ക്കടക വാവുബലിക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. നാളെ പുലര്‍ച്ചെ നാലിന് മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃകര്‍മങ്ങള്‍ ഔപചാരികമായി ആരംഭിക്കും. 

ഇന്നുരാത്രി 9മുതല്‍ പെരിയാര്‍ തീരത്തെ താത്ക്കാലിക ബലിത്തറയില്‍ കര്‍മങ്ങള്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 75 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച് നിരക്ക്. 80 ബലിത്തറകള്‍ ഉണ്ടാൈകും. വഴിപാടിനും പ്രസാദ വിതരണത്തിനും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. 

കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തിയിരുന്നില്ല. ഇത്തവണ തിരക്ക് കൂടുമെന്നാണ് ഭാരവാഹികള്‍ കരുതുന്നത്. എത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 750 പൊലീസ് ഉദ്യോഗസ്ഥരും നേവിയും അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും ഡ്യൂട്ടിയിലുണ്ടാകും. 

ബലിതര്‍പ്പണത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി മണപ്പുറത്തെ കാടുകള്‍ വെട്ടിമാറ്റി. കനത്ത മഴയെത്തുടര്‍ന്ന് ക്ഷേത്രത്തിലും കടവുകളിലും ചെളി അടിഞ്ഞത് കഴുകി വൃത്തിയാക്കി. പ്രത്യേകമായി നടപ്പന്തലും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ 200 മീറ്ററോളം ദൂരത്തില്‍ താത്ക്കാലിക ബാരിക്കേഡും നിര്‍മിച്ചു.

പ്ലാസ്റ്റിക് കുപ്പികളും ക്യാരിബാഗുകളും നിരോധിച്ചു. കച്ചവട സ്റ്റാളുകളും ഒരുക്കി. വാവുദിനത്തില്‍ ആലുവ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.

ഈ വാർത്ത കൂടി വായിക്കാം ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തണം; ലിം​ഗ സമത്വത്തിനായി പുതിയ നിർ​ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ