ശ്രീറാമിനോട് പ്രതിഷേധം; നെഹ്‌റു ട്രോഫി വള്ളംകളി യോഗം കോണ്‍ഗ്രസും മുസ്ലിം ലീഗും ബഹിഷ്‌കരിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 08:03 AM  |  

Last Updated: 29th July 2022 08:03 AM  |   A+A-   |  

protest against Sri ram venkitaraman

ഫയൽ ചിത്രം

 


ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം ഇന്ന് നടക്കും. വൈകീട്ട് നാലിന് ആലപ്പുഴ കലക്ടറേറ്റിലാണ് യോഗം. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസും മുസ്ലിം ലീഗും യോഗം ബഹിഷ്‌കരിക്കും. 

ജില്ലാ കലക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി ചെയര്‍മാന്‍. ശ്രീറാം ചുമതലയേറ്റശേഷം ആദ്യം നടക്കുന്ന യോഗമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ബഹിഷ്‌കരിക്കുന്നത്. ജനവികാരം മാനിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചാണ് ബോട്ട് റേസ് കമ്മിറ്റി യോഗം ബഹിഷ്‌കരിക്കുന്നതെന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി.

ശ്രീറാമിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഗമം നടത്തും. കെ എം ബഷീറിന്‍റെ സഹപാഠികളുടെ സത്യഗ്രഹവും ഇന്ന് ഉണ്ടാകും. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടർ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തലത്തിൽ എസ് ഡി പി ഐയും നാളെ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. 

ബഷീർ കൊലപാതകക്കേസിലെ പ്രതിയാ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയന്‍, കേരള മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. 2019 ലാണ് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ