കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; മക്കിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 08:03 PM  |  

Last Updated: 31st July 2022 08:03 PM  |   A+A-   |  

Heavy rain

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളില്‍ പെയ്യുന്ന കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു. കനത്തമഴയില്‍ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ ഉയര്‍ത്തി. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ രാവിലെ 11ന് ഉയര്‍ത്തും. 

നെയ്യാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ, പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരത്തും മലയോര മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വിതുര മക്കിയാര്‍ കരകവിഞ്ഞ് ഒഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. അതിനിടെ വിതുര കല്ലാറില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. 

കോട്ടയത്ത് മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട പ്രദേശങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. കനത്തമഴയില്‍ മൂന്നിലവ് ടൗണില്‍ വെള്ളം കയറി. 

രാവിലെ മുതല്‍ തന്നെ കിഴക്കന്‍ മേഖലയില്‍ മഴ ആരംഭിച്ചിരുന്നു. ഉച്ചയോടെ മഴ ശക്തമായതാണ് വെള്ളം കയറാന്‍ കാരണം. മീനാച്ചിലാറിന്റെ കൈവഴിയായ തോട് കരകവിഞ്ഞ് ഒഴുകിയത് മൂലമാണ് മൂന്നിലവ് ടൗണില്‍ വെള്ളം കയറിയത്. മൂന്നിലവ് ടൗണിന് സമീപമുള്ള പ്രദേശത്ത് ഒരു പാലം വെള്ളത്തിന്റെ അടിയിലായി. 

തോട് കരവിഞ്ഞ് ഒഴുകുന്നത് മൂലം മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്, ഈരാറ്റുപേട്ട പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

അതേസമയം എരുമേലിയില്‍ മഴ കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോരമേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. സീതക്കുഴിയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. 

ഈ വാർത്ത കൂടി വായിക്കൂ

കോട്ടയം, പത്തനംതിട്ട മലയോരമേഖലയില്‍ ശക്തമായ മഴ; മൂന്നിലവ് ടൗണില്‍ വെള്ളം കയറി, പാലം വെള്ളത്തിന്റെ അടിയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ