'ലൈം​ഗിക ബന്ധം ഉഭയ സമ്മതത്തോടെ; കേസ് കെട്ടിച്ചമച്ചത്'- വിജയ് ബാബു പൊലീസിനോട്; ചോദ്യം ചെയ്യൽ നാളെയും തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 08:48 PM  |  

Last Updated: 01st June 2022 08:48 PM  |   A+A-   |  

VIJAY BABU

വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക്

 

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാളെയും ചോദ്യം ചെയ്യും. നാളെ രാവിലെ ഒൻപത് മണിക്ക് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂറോളം നീണ്ടു. 

കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബു മൊഴി നൽകി. എറണാകുളം സൗത്ത് സ്‌റ്റേഷനിൽ വച്ചാണ് ചോദ്യം ചെയ്യൽ.

സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് വിജയ് ബാബു പറയുന്നു. ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. 

ഹൈക്കോടതി ഉത്തരവുള്ളതിനാൽ പൊലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. എന്നാൽ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം എതിർക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് വിജയ് ബാബു എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം; വല വിരിച്ച് കേരള പൊലീസ്; പുതിയ സോഫ്റ്റ്‌വെയര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ