'അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടിൽ; എന്നെ കുറെ തല്ലി; ഉമ്മയ്ക്ക് വേണ്ടത് വേലക്കാരിയെ'; ഷഹനയുടെ ഡയറിക്കുറിപ്പുകൾ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 08:31 PM  |  

Last Updated: 02nd June 2022 08:34 PM  |   A+A-   |  

shahana_21

ഷഹാന

 

കോഴിക്കോട്: ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയെ ഭര്‍ത്താവ് സജ്ജാദും ഭര്‍തൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ച ഷഹനയുടെ ഡയറിക്കുറിപ്പുകളിലാണു ഭര്‍ത്താവ് സജ്ജാദിനും കുടുംബത്തിനുമെതിരെ പരാമര്‍ശമുള്ളത്. സജ്ജാദ് തല്ലിയതായും ഷഹന കുറിച്ചിട്ടുണ്ട്. ഷഹനയുടെ സഹോദരന്‍ ഡയറി അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി.

മേയ് 13നു പുലര്‍ച്ചെയാണ് വാടകവീട്ടിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദ് ജില്ലാ ജയിലിലാണ്. 

വിവാഹത്തിനുപിന്നാലെ കുടുംബാംഗങ്ങളില്‍നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ഡയറിക്കുറിപ്പുകളിലുള്ളത്. വീട്ടില്‍ തനിക്ക് ജോലിക്കാരുടെ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. കുടുംബത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് സജ്ജാദും കൂട്ടുനിന്നുവെന്നും ഷഹന ഡയറിയില്‍ കുറിച്ചു. താന്‍ മോഡലിങ്ങിലൂടെ സമ്പാദിച്ച പണമെല്ലാം സജ്ജാദും കുടുംബവും തട്ടിയെടുത്തു. തനിക്ക് ഭക്ഷണം പോലും തരുന്നില്ല. കൂടാതെ സ്വര്‍ണമെല്ലാം കുടുംബക്കാര്‍ വിറ്റെന്നും ഷഹന ഡയറിയില്‍ കുറിച്ചു.

മഹറിന്റെ പേര് പറഞ്ഞ് സെന്‍ജുവിന്റെ വീട്ടില്‍ നിരന്തരം വഴക്കാണെന്നും മഹര്‍ വിറ്റ് പണം സെന്‍ജുവിന്റെ ഉമ്മയ്ക്ക് കൊടുത്തെന്നും ഷഹന എഴുതിയിട്ടുണ്ട്. വീട് മാറാമെന്ന് ഭര്‍ത്താവുമായി ആലോചിച്ച് തീരുമാനം എടുത്തെന്നാണ് മറ്റൊരു ദിവസത്തെ കുറിപ്പിലുള്ളത്.

"സെന്‍ജു എന്നെ കുറേ തല്ലി. സെന്‍ജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല, സെന്‍ജു എന്റെ കൂടെ ഉണ്ടാവും എന്ന് ഞാന്‍ കരുതി. ഇപ്പോള്‍ സെന്‍ജു പോലും കൂടെ ഇല്ല. എനിക്ക് മെന്റലാവും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്‌നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്‌നേഹിച്ചിട്ടില്ല."സെന്‍ജുവിന്റെ കയ്യില്‍ പൈസ ഇല്ലെന്നും സെന്‍ജുവിന് ഇപ്പോള്‍ വീട്ടുകാരാണ് വലുതെന്നും ഞാന്‍ ഇപ്പോള്‍ വെറും സീറോ ആയെന്നും തീര്‍ത്തും ഒറ്റപ്പെട്ട് പോയെന്നും കിറ്റി എന്ന് വിളിക്കുന്ന ഡയറിയില്‍ ഷഹന കുറിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

അഞ്ച് വർഷം കൊണ്ട് എല്ലാവർക്കും വീട്; വലതുപക്ഷ ശക്തികൾക്ക് ബദലാണ് കേരള സർക്കാരെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ