കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍; നാളെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 03:42 PM  |  

Last Updated: 02nd June 2022 03:42 PM  |   A+A-   |  

KUTHIRAVATTOM MENTAL HOSPITAL

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ സി. രമേശനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. സൂപ്രണ്ടിനെ ബലിയാടാക്കി സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകിയതായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആരോപിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് കെജിഎംഒഎ ആഹ്വാനം ചെയ്തു. എന്നിട്ടും നടപടി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തില്‍  മരിച്ചതുമായി ബന്ധപ്പെട്ടാണ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്താന്‍ തീരുമാനിച്ചത്. 

വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്  രക്ഷപ്പെട്ട  അന്തേവാസി വാഹനാപകടത്തില്‍ മരിച്ചത്. റിമാന്‍ഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് കോട്ടക്കലില്‍  വാഹനാപകടത്തില്‍ മരിച്ചത്. വാഹന മോഷണക്കേസുകളില്‍ റിമാന്‍ഡിലായിരുന്ന മുഹമ്മദ് ഇര്‍ഫാനെ, മാനസികാസ്വാസ്ഥ്യം  പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍  പ്രവേശിപ്പിച്ചത്. മൂന്നാം വാര്‍ഡിലെ സെല്ലിലുണ്ടായിരുന്ന ഇര്‍ഫാന്‍  സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ്  ഇന്നലെ രാത്രി പുറത്തുകടന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ അപൂര്‍ണം; അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം; കേന്ദ്രം ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ