തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെടി ജലീല്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേസ് എടുത്തത്. പിസി ജോര്‍ജിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ കെടി ജലീല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി നല്‍കിയ ശേഷം ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും തനിക്കെതിരെയും ഉന്നയിച്ചിട്ടുള്ള കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് സ്വപ്നയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്ന് ജലീല്‍ പറഞ്ഞു. നുണപ്രചാരണം നടത്തി ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണ്. ഇതില്‍ വലിയ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചന നടത്തിയത് ആരാണെന്ന് ഇതിനകം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്വപ്ന സുരേഷിന്റെത് പുതിയ വെളിപ്പെടുത്തലല്ല. ഇതിന് മുന്‍പും സമാനമായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഒന്നരവര്‍ഷക്കാലം ജയിലില്‍ ആയിരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ അവരെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. അപ്പോഴൊന്നും പറയാത്ത കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ അവര്‍ക്ക് എങ്ങനെ ബോധോധയം ഉണ്ടായി. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തേന്‍പുരട്ടി മസാല തേച്ച് അവതരിപ്പിക്കുകയാണ്. അതിലൊന്നും യാതൊരു ഭയവുമില്ല. മൂന്ന് അന്വേഷണ ഏജന്‍സി തിരിച്ചും മറിച്ചും അന്വേഷണം നടത്തിയിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി എത്രവലിയ അന്വേഷണം നടത്തിയാലും ഇപ്പേള്‍ സഞ്ചരിച്ചതിനപ്പുറം ഒരു ഇഞ്ചും മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമേല്‍ ആത്മവിശ്വാസത്തോടെയാണ് ഇത് പറയുന്നതെന്നും ജലീല്‍ പറഞ്ഞു.
പിസി ജോര്‍ജ് സ്വപ്ന സുരേഷുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇങ്ങനെ തോന്നുന്ന ചിലകാര്യങ്ങള്‍ അടിസ്ഥാനരഹിതമായി പലയാളുകളുടെയും പ്രേരണയെ തുടര്‍ന്ന് ജനങ്ങളോട് പറഞ്ഞ് മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ അവഹേളിക്കാനുളള ശ്രമങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂട്ട് നില്‍ക്കരുത്. ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായിരിക്കുന്ന സമയത്താണ് ഇത്തരം ഒരു ആരോപണം ഉണ്ടായത്.ഇതിന് ഇന്ധനം പകരുന്ന നിലപാടാണ് യുഡിഎഫ് ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ ദുഖിക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates