'ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല, 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല'
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2022 07:19 AM |
Last Updated: 08th June 2022 07:21 AM | A+A A- |

കെ ടി ജലീല്‍, പി കെ ഫിറോസ്/ ഫയല്‍
മലപ്പുറം: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച മുന്‍ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 'ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒരുമിച്ച് വന്നാലും കോണ്‍സുലേറ്റില്‍ നിന്ന് വീട്ടിലേക്ക് 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല'. ഫിറോസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
'സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ.'എന്നായിരുന്നു കെ ടി ജലീല്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിലെത്തി മൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെ കൊണ്ട് ചിലര്‍ പറയിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി ആരോപിക്കുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി നല്ലരീതിയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു എന്നുമാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം.
ഈ വാർത്ത കൂടി വായിക്കൂ
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ