ലൈഫ് പദ്ധതി; രണ്ടാം ഘട്ട ഗുണഭോക്താക്കൾ 5,14,381; കരട് പട്ടിക വെബ്‌സൈറ്റിൽ

ലൈഫ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അവസരം നൽകിയതനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമർപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറായതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എംവി ഗോവിന്ദൻ.  www.life2020.kerala.gov.in ൽ പട്ടിക ലഭിക്കും.  വെള്ളിയാഴ്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പട്ടിക പ്രദർശിപ്പിക്കും. അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും.

ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇവരിൽ 3,28,041 പേർ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേർ ഭൂമി ഇല്ലാത്തവരുമാണ്. ലൈഫ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അവസരം നൽകിയതനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമർപ്പിച്ചത്. തദ്ദേശ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരിശോധനയ്ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.  

അപ്പീൽ സമർപ്പിക്കാൻ ജൂൺ 17 മുതൽ രണ്ട് ഘട്ടമായി അവസരം നൽകും. ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കും മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ ആക്ഷേപങ്ങൾ നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പുതിയ അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപവും അപ്പീലുകളും സമർപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ ഓഫീസുകളിൽ ഹെൽപ് ഡെസ്‌ക് ഒരുക്കും. അക്ഷയ സെന്റർ മുഖേനയും അപ്പീൽ നൽകാം. പൊതുജനങ്ങൾക്ക് ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്. 

ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം. രണ്ടാം ഘട്ട അപ്പീൽ പരിഗണിക്കുന്നത് കലക്ടർ അധ്യക്ഷനും ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ കൺവീനറുമായ കമ്മിറ്റിയാണ്. ഓൺലൈനായി അപ്പീൽ  സമർപ്പിക്കണം.  

ലൈഫ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 2,95,006 വീടുകളാണ് പൂർത്തീകരിച്ചത്. ഇതിനു പുറമേ 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക അതത് പഞ്ചായത്ത്/നഗരസഭ ഭരണസമിതികൾ ചർച്ച ചെയ്യും. തുടർന്ന് ഗ്രാമസഭകളിലും വാർഡ് സഭകളിലും പട്ടിക പരിശോധനയ്ക്ക് വിധേയമാക്കും. അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ ഗ്രാമസഭകൾക്കും വാർഡ് സഭകൾക്കും അവരെ ഒഴിവാക്കാൻ അധികാരമുണ്ട്. ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭാ ഭരണ സമിതികൾ പരിഗണിക്കും. 

ഓഗസ്റ്റ് 10നുള്ളിൽ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികൾ അംഗീകാരം നൽകും. ഓഗസ്റ്റ് 16ന് അന്തിമ ഗുണഭോക്തൃ പട്ടിക വെബ്‌സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും. അർഹരായ ഒരാൾ പോലും ഒഴിവായിപ്പോയിട്ടില്ലെന്നും അനർഹരായ ഒരാളും കടന്നുകൂടിയിട്ടില്ലെന്നും  ഉറപ്പാക്കാനാണ് ഇത്രയും വിപുലമായ അപ്പീൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  ലൈഫ് പദ്ധതി രണ്ടാം ഘട്ടത്തിന്റെ രേഖകൾ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ മന്ത്രിക്ക് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com