'പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് അമേരിക്കയില്‍, നോക്കുന്നത് ബിലിവേഴ്‌സ് ചര്‍ച്ച്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 04:37 PM  |  

Last Updated: 10th June 2022 04:37 PM  |   A+A-   |  

swapna_suresh

സ്വപ്‌ന സുരേഷ് മാധ്യമങ്ങളെ കാണുന്നു.

 

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്‌ന സുരേഷ്. ബിലിവേഴ്‌സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്‌സിആര്‍എ റദ്ദായതെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിട്ടു.

ചെറിയ ഭൂമിക്കച്ചവടം ചെയ്തുനടക്കുന്നയാളല്ല ഷാജെന്ന് സ്വപ്‌ന പറഞ്ഞു. പല കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജ് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. പാലക്കാട്ടെ ഫഌറ്റിലാണ് സ്വ്പന വാര്‍ത്താ സമ്മേളനം നടത്തിയത്. 

ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയില്‍ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്. 

ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. സരിത്തിനെ നാളെ പൊക്കുമെന്ന് സരിത്ത് പറഞ്ഞു. സരിത്തിനെ പിറ്റേന്ന് വിജിലന്‍സുകാര്‍ പിടിച്ചുകൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് പറഞ്ഞതുപോലെ നടന്നതുകൊണ്ടാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ഷാജ് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ നടന്നത്. അപ്പോള്‍ പിന്നെ സ്വാധീനമില്ലാത്തയാളാണോ ഷാജ് എന്ന് സ്വ്പന ചോദിച്ചു.

കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല എന്നാണ് ഷാജ് പറഞ്ഞത്. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയില്‍ ഉറച്ചുനിന്നാല്‍ ജയിലിലടയ്ക്കുമെന്നും പറഞ്ഞു'– സ്വപ്ന പറഞ്ഞു.

ഷാജിന്റെ ഭീഷണി മാനസികമായി തളര്‍ത്തി. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്ആര്‍ഡിഎസിനെയും തള്ളിപ്പറഞ്ഞു- സ്വപ്ന പറഞ്ഞു.

ഈവാര്‍ത്ത കൂടി വായിക്കൂ

കളിച്ചത് ആരോടെന്ന് അറിയാമോ?; ഷാജ് കിരണുമായുള്ള സംഭാഷണം പുറത്തുവിട്ട് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ