'തുപ്പിയിട്ട ഭക്ഷണം എച്ചില്‍ത്തൊട്ടിയില്‍ നിന്ന് വാരി കഴിച്ചിട്ടുണ്ട്'; ചിന്തിക്കാന്‍ പറ്റാത്ത ക്രൂരത ചെയ്തത് മലയാളി കുടുംബം, ലോക കേരള സഭയില്‍ വിങ്ങലായി മോളി

ബാക്കിവരുന്നതില്‍ തുപ്പിയശേഷം വേസ്റ്റ് ബക്കറ്റിലിടും. അതാണു മോളിക്കു കഴിക്കാന്‍ നല്‍കിയത്
മോളി എലിസബത്ത് ജോസഫിനെ ചേര്‍ത്തു പിടിക്കുന്ന മന്ത്രി വീണാ ജോര്‍ജ്‌
മോളി എലിസബത്ത് ജോസഫിനെ ചേര്‍ത്തു പിടിക്കുന്ന മന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: 'എച്ചില്‍ത്തൊട്ടിയില്‍നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്, മറ്റുള്ളവര്‍ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്''- ഹൃദയം പൊള്ളിക്കുന്ന ഈ വാക്കുകള്‍ ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ പ്രവാസി മോളി എലിസബത്ത് ജോസഫിന്റേതാണ്. 

പ്രവാസ ജീവിതത്തിനിടെ മറ്റുള്ളവരുടെ എച്ചില്‍ കഴിച്ചു ജീവിക്കേണ്ടിവന്ന ഗതികേടിനെ പറ്റി പറഞ്ഞതു കേട്ടവരുടെയെല്ലാം കണ്ണു നിറഞ്ഞു. 
ഒരു മലയാളി കുടുംബമാണ് മോളിയോടു ഇത്രയും വലിയ ക്രൂരത ചെയ്തത് എന്നതുകൂടി അറിഞ്ഞപ്പോള്‍ സദസ്സിലുള്ളവര്‍ ഞെട്ടിപ്പോയി. 
പ്രസംഗം കഴിഞ്ഞിറങ്ങിയ മോളിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

കുട്ടിക്കാലത്തു തുടങ്ങിയതാണ് കുടുംബത്തിനായുള്ള മോളിയുടെ ഓട്ടം. 18-ാം വയസ്സില്‍ വിവാഹിതയായി. ഭര്‍ത്താവ് മാനസിക പ്രശ്‌നങ്ങളുള്ള ആളായിരുന്നു. അത് മറച്ചുവച്ചായിരുന്നു വിവാഹം. കുടുംബം നോക്കാന്‍ ജോലിക്കായി 1991ലാണ് മോളി ആദ്യമായി ഗള്‍ഫിലേക്ക് പോകുന്നത്.  ഖത്തറിലെത്തിയെങ്കിലും അടുത്തവര്‍ഷം അവസാനം നാട്ടിലേക്കു മടങ്ങി. 1993 ലാണ് ഒമാനിലേക്കു പോകുന്നത്. നാട്ടിലുള്ള ഒരാളുടെ ബന്ധുവിന്റെ കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി. ആ മലയാളി കുടുംബം സമയത്തു ഭക്ഷണം പോലും നല്‍കിയിരുന്നില്ല. മോളി സുഖമില്ലാതെ കിടക്കുന്ന സമയങ്ങളില്‍ അവര്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം എത്തിച്ചു കഴിക്കും. ബാക്കിവരുന്നതില്‍ തുപ്പിയശേഷം വേസ്റ്റ് ബക്കറ്റിലിടും. അതാണു മോളിക്കു കഴിക്കാന്‍ നല്‍കിയത്. അടുത്തുള്ള കടയിലല്ലാതെ മറ്റൊരിടത്തും പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അവരുടെ കയ്യിലായിരുന്നു. 

ദുരിതം സഹിക്കാനാവാതെ വന്നപ്പോള്‍ വീടിനടുത്തുള്ള കടയുടമയോട് എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു. 'അറബി അറിയാം, അറബിഭക്ഷണവും ഉണ്ടാക്കും, എവിടെയെങ്കിലും ജോലി ശരിയാക്കിത്തരണം' എന്നു പറഞ്ഞു വീട്ടിലെ ഫോണ്‍ നമ്പറും നല്‍കി. മലയാളി കുടുംബം രാവിലെ പത്തു വരെയും വൈകുന്നേരം അഞ്ചുമണിക്കു ശേഷവും വീട്ടിലുണ്ടാകുമെന്നും അപ്പോള്‍ ഫോണ്‍ വിളിക്കരുതെന്നും പറഞ്ഞു. ഒരു ഒമാനിയുടെ വീട്ടില്‍ ജോലിയുണ്ടെന്ന് മൂന്നാം ദിവസം കടയുടമ അറിയിച്ചു. ആ വീട്ടിലെ പ്രായമായ രണ്ട് അമ്മമാരെ നോക്കുകയാണ് ജോലി. മോളി സമ്മതം അറിയിച്ചു. പക്ഷേ, അവിടേക്കുള്ള വഴി അറിയില്ല. ടാക്‌സിക്കാരോട് പറഞ്ഞാല്‍ ആ സ്ഥലത്തെത്തിക്കുമെന്ന് കടയുടമ പറഞ്ഞു. മലയാളി കുടുംബം വീട്ടിലില്ലാത്ത സമയത്ത് രക്ഷപ്പെടാന്‍ മോളി തീരുമാനിച്ചു. പക്ഷേ, ആ വീട്ടിലെ ചെറിയ കുട്ടി ഒപ്പമുണ്ട്. അതിനെ ഒറ്റയ്ക്കാക്കി പോകാന്‍ മോളിക്കു തോന്നിയില്ല. 

കുട്ടിയെ തൊട്ടടുത്ത വീട്ടില്‍ ഏല്‍പിച്ചു. നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ടെലിഫോണ്‍ ബൂത്തിലേക്കു പോകുകയാണെന്ന് കള്ളം പറഞ്ഞു. വീട്ടിലെത്തി മൂന്നാം നിലയിലെ അടുക്കള വാതിലിലൂടെ വസ്ത്രങ്ങള്‍ താഴേക്കിട്ടു. പുറത്തിറങ്ങി ടാക്‌സി പിടിച്ച് ഒമാന്‍ സ്വദേശിയുടെ വീട്ടിലെത്തി. തനിക്കു പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലെന്നും കടുത്ത ദുരിതത്തിലാണെന്നും അവരോടു പറഞ്ഞു. ഒന്നും പേടിക്കേണ്ടെന്നും എല്ലാം ശരിയാക്കാമെന്നും ആ കുടുംബം ഉറപ്പു നല്‍കി. നേരത്തേ ജോലി ചെയ്ത മലയാളിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്ത് പുതിയ ജോലിയില്‍ പ്രവേശിച്ച കാര്യം പറഞ്ഞു. മൂന്നരപ്പവന്റെ മാല കാണാനില്ലെന്നും മോളിക്കെതിരെ കേസ് കൊടുക്കുമെന്നുമായിരുന്നു മലയാളിയുടെ ഭീഷണി. കേസ് കൊടുക്കാന്‍ മോളി പറഞ്ഞതോടെ കുടുംബം ഫോണ്‍ കട്ടു ചെയ്തു. പിന്നെ ശല്യം ഉണ്ടായില്ല. മോളിയുടെ പാസ്‌പോര്‍ട്ടും മറ്റും തിരികെ ലഭിക്കാന്‍ ഒമാന്‍ കുടുംബം സഹായിച്ചു. 9 വര്‍ഷം അവിടെ ജോലി ചെയ്തു. രണ്ട് അമ്മമാരും മരിച്ചതോടെ മറ്റൊരു കുടുംബത്തില്‍ ജോലിക്കു കയറി. 

29 വര്‍ഷമായി മോളി ഒമാനില്‍ ജോലി ചെയ്യുന്നു. രണ്ടു പെണ്‍മക്കളുടെ വിവാഹം നടത്തി. വീടു പണി ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല, കടങ്ങളുണ്ട്. ഭര്‍ത്താവ് 6 മാസം മുന്‍പ് മരിച്ചു. ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് മോളിയുടെ അമ്മ താമസിക്കുന്നത്. അത് ശരിയാക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ലെന്നു മോളി വേദനയോടെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com