വൃക്ക കൃത്യസമയത്ത് എത്തിച്ചു; നാലര മണിക്കൂര്‍ കഴിഞ്ഞ് ശസ്ത്രക്രിയ; രോഗി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 12:25 PM  |  

Last Updated: 20th June 2022 12:31 PM  |   A+A-   |  

tvm medical college

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവമാറ്റം വൈകിയെന്ന് പരാതി. വൃക്ക മാറ്റിവച്ച രോഗി മരിച്ചു. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്നാണ് ആരോപണം. 

എറണാകുളത്തെ സ്വകാര്യ ആശൂപത്രിയില്‍ നിന്ന് അഞ്ചരയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക എത്തിച്ചത്. സര്‍ക്കാര്‍ വഴി നടക്കുന്ന മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ചതായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കുന്നതിനായാണ് വൃക്ക കൃത്യസമയത്ത് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിനും വൈകി. തുടര്‍ന്ന് രോഗി മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

54കാരനാണ് മരിച്ചത്. കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം പ്രാഥമിക  അന്വഷണത്തിന് ഉത്തരവിട്ടു. 

അതേസമയം കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഗൂഗിള്‍ മാപ്പ് ചതിച്ചു; കടത്തിക്കൊണ്ടു വന്ന സ്വര്‍ണവുമായി വന്നുപെട്ടത് പൊലീസിന്റെ മുന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ