തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്

മൃഗങ്ങളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍ ചിത്രം
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍ ചിത്രം


തിരുവനന്തപുരം: തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു.  മൃഗങ്ങളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. 

നേരത്തെ ആതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയത്. ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണ് ഇവയുടെ സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയത്. 

ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നീരീക്ഷണത്തിലാക്കി. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലങ്ങളിൽ ആളുകൾ പോകരുത്. അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

തൃശൂർ ജില്ലയിൽ മൃഗങ്ങളിൽ വാക്‌സിനേഷൻ ആരംഭിക്കാനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

പനി, വിറയൽ, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ, ചുമ, ഓക്കാനം, ഛർദിൽ, വയറുവേദന, ക്ഷീണം, ശരീരവേദന എന്നിവ ബാധിക്കുന്ന ആന്താക്‌സിന്റെ ലക്ഷണങ്ങളാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടു കൂടിയ കുരുക്കൾ, വ്രണങ്ങൾ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ് കാണപ്പെടുന്നത്. ഇതുകൂടാതെ കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛർദി, രക്തം ഛർദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com