വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 08:49 AM  |  

Last Updated: 02nd March 2022 10:52 AM  |   A+A-   |  

honey trap

നൗഫിയ, നിസ

 

തൃശ്ശൂര്‍ : വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നല്‍കിയത്.

ഡോക്ടര്‍ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി തീര്‍ത്ത് പണം തട്ടാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസ് നല്‍കാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിന് വേണ്ടി പലതവണ വാട്‌സാപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.എസിപി വി കെ രാജുവിന്റെ നേതൃത്വത്തില്‍ വെസ്റ്റ് എസ്‌ഐ കെ സി ബൈജു, സീനിയര്‍ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.