മുന്‍പില്‍ ഇറക്കം, നിറയെ വിദ്യാര്‍ഥികളുമായി തനിയെ നീങ്ങി സ്‌കൂള്‍ ബസ്; കരഞ്ഞുവിളിച്ച് കുട്ടികള്‍, ചവിട്ടി നിര്‍ത്തി അഞ്ചാം ക്ലാസുകാരന്‍, ധീരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 07:45 AM  |  

Last Updated: 02nd March 2022 07:49 AM  |   A+A-   |  

school bus

പ്രതീകാത്മക ചിത്രം

 

കൊച്ചി: സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച് അഞ്ചാം ക്ലാസുകാരന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷിന്റെ ധീരതയാണ് ഇപ്പോള്‍ നാട്ടിലെ ചര്‍ച്ചാവിഷയം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍.

ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോള്‍ ആദിത്യന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം.

നേരെ മുന്‍പില്‍ ഇറക്കമാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. 

ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി കരയാന്‍ തുടങ്ങി. എന്നാല്‍ ആദിത്യന്‍ രാജേഷ് സമയോചിതമായി ഇടപെട്ടു ബസ് നിര്‍ത്തി. ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യന്‍ ലോറിയില്‍ പോകാറുണ്ട്. അതിനാല്‍ ഡ്രൈവിങ് സംവിധാനത്തെക്കുറിച്ചുള്ള ആദിത്യന്റെ അറിവ് വന്‍അപകടത്തില്‍ നിന്ന് രക്ഷിച്ചു.