പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിന്റെ വിയോഗവാർത്ത അറിഞ്ഞ ഞെട്ടലിലാണ് ആരാധകർ. രണ്ട് ദിവസം മുമ്പുവരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന താരത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പലർക്കും അവിശ്വസനീയമാണ്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് കൂട്ടുകാരും ബന്ധുക്കളും ചോദിക്കുന്നത്.
ഭർത്താവ് കാസർകോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു(25)വിനോടൊപ്പം ഒന്നര മാസം മുൻപാണ് റിഫ യുഎഇയിലെത്തിയത്. ഏകമകൻ അസാനോടുമൊപ്പം സന്ദർശക വീസയിലെത്തിയ ഇവർ പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചുപോന്നു. 20 ദിവസം മുൻപ് മകനെ നാട്ടിലെ ബന്ധുക്കൾക്കൊപ്പം നിർത്തി റിഫ വീണ്ടും മെഹ്നുവിനൊപ്പം തിരികെയെത്തി. പിന്നീട് സംഗീത ആൽബം നിർമാണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഇരുവരും.
ബുർജ് ഖലീഫയിൽ നിന്ന് വിഡിയോ
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ നിന്നുള്ള വിഡിയോ 2 ദിവസം മുൻപാണ് ഇവർ പോസ്റ്റ് ചെയ്തത്. വിഡിയോകളിലെല്ലാം വളരെ സന്തോഷത്തോടെയാണ് ഇരുവരെയും കണ്ടിരുന്നത്. സൗന്ദര്യപ്പിണക്കങ്ങളല്ലാതെ ഇവർക്കിടയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പരസ്പരം പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇവർ കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപാണ് വിവാഹിതരായത്. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള റിഫയ്ക്ക് യുട്യൂബിൽ നിന്ന് നല്ല വരുമാനവും കിട്ടിയിരുന്നു.
ഫാഷൻ, റസ്റ്ററൻ്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു റിഫയുടെ യുട്യൂബ് ഇൻസ്റ്റഗ്രാം ചാനലുകളിലെ പ്രധാന ഉള്ളടക്കം. റിഫ മരിച്ചതിന് തലേ രാത്രിയിൽ ഒരു വിരുന്നിന് പോയിരിക്കുകയായിരുന്നു മെഹ്നു. പുലർച്ചെ ഒരുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്കു കൊണ്ടുവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates