കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം;  ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു. 
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍/ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍/ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അന്തരിച്ച മുസ്ലീംലീഗ് നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.  രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ  വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മതേതര നിലപാട് ഉയര്‍ത്തി പിടിച്ച നേതാവാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. മനുഷ്യ നന്മയ്ക്കായുള്ള കൂട്ടായ്മയ്ക്ക് അദ്ദേഹം നേതൃത്വം നൽകിയെന്നും ഉമ്മൻ ചാണ്ടി അനുസ്‌മരിച്ചു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം തീരനഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി അനുശോചിച്ചു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമെന്ന് മിതിർന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അനുശോചിച്ചു

മുഖ്യമന്ത്രിയുടെ കുറിപ്പ്

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. 
മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. 
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.  രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു. 
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും  അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങള്‍  അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. 
ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ  വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com