ടാറ്റു ചെയ്യുമ്പോൾ സുജീഷ് സഹായികളെ ഒഴിവാക്കി, പണമെടുത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പാളി; ഒടുവിൽ കീഴടങ്ങൽ, 14 ദിവസം റിമാൻഡിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 09:28 AM  |  

Last Updated: 07th March 2022 09:28 AM  |   A+A-   |  

tattoo_parlor_rape_sujeesh

ചിത്രം: ഫേയ്സ്ബുക്ക്

 

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. ചേരാനെല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു പരാതിയിലാണ് റിമാൻഡ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും ചേരാനെല്ലൂർ സ്റ്റേഷനിൽ രണ്ട് കേസുകളുമാണ് ഇയാൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇനിയും ആരെങ്കിലും പരാതി നൽകിയാൽ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

കൊച്ചി ചേരാനെല്ലൂരിലെ 'ഇങ്ക്ഫെക്ടഡ് ടാറ്റു പാര്‍ലര്‍' ഉടമയാണ് സുജീഷ്. സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയും പൂർത്തിയാക്കി.

സുജീഷിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. സുഹൃത്തിന്റെ വീട്ടിൽവച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്കൗണ്ടിൽ നിന്ന് പണമെടുത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും കഴിയാതെവന്നതോടെയായിരുന്നു കീഴടങ്ങൽ. ഇയാൾക്കെതിരെ തെളിവുണ്ടെന്നും കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്ഥാപനത്തിൽ രജിസ്റ്റർ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്ന് കണ്ടെത്തി. 

സുജീഷ് ടാറ്റു ചെയ്തിരുന്നത് ഒറ്റയ്ക്കായിരുന്നെന്നും രണ്ട് സഹായികൾ ഉണ്ടെങ്കിലും ടാറ്റു ചെയ്യുമ്പോൾ പലപ്പോഴും ഇവരെ ഒഴിവാക്കിയിരുന്നെന്നും കണ്ടെത്തി. പ്രമുഖ താരങ്ങളടക്കം നിരവധിപ്പേർ സുജീഷിന്റെ അടുത്ത് ടാറ്റു ചെയ്യാൻ എത്തിയിരുന്നു. ഇയാൾ അറസ്റ്റിലായതോടെ കൂടുതൽപ്പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.