എച്ച്എല്‍എല്‍ വില്‍പ്പന, ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്രം; വിയോജിപ്പുമായി കേരളം, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും

കേന്ദ്ര സര്‍ക്കാരിന് കീഴിലെ എച്ച് എല്‍ എല്‍ ലൈഫ് കെയറിന്റെ ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടിയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പ് അറിയിക്കും
എച്ച്എല്‍എല്‍ ലൈഫ് കെയര്‍, ഫയല്‍ ചിത്രം
എച്ച്എല്‍എല്‍ ലൈഫ് കെയര്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് കീഴിലെ എച്ച് എല്‍ എല്‍ ലൈഫ് കെയറിന്റെ ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടിയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പ് അറിയിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. 

എച്ച്എല്‍എല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന്  അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കാണിച്ച് വിയോജിപ്പ് അറിയിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന് അനുമതിയില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

മിനി രത്‌ന പദവിയിലുള്ള കമ്പനി

വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിര്‍പ്പറിയിച്ചിരുന്നു.ഈ വര്‍ഷം ഇതുവരെ സ്ഥാപനത്തിന്റെ ലാഭം അഞ്ഞൂറ് കോടി പിന്നിട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പനക്ക് വച്ച പട്ടികയില്‍ എച്ച്എല്‍എല്ലിനെയും ഉള്‍പ്പെടുത്തിയതോടെയാണ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കാനുളള സാധ്യത തേടിയത്. കെഎസ്‌ഐടിസിയെ ഇതിനായി ചുമതലപ്പെടുത്തി. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. 

സര്‍ക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ല്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ചാണ് തടസവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com