സുമിയിലെ ഒഴിപ്പിക്കല്‍ സമ്മര്‍ദ്ദം നിറഞ്ഞത്; വിദ്യാര്‍ഥികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 03:43 PM  |  

Last Updated: 09th March 2022 03:43 PM  |   A+A-   |  

muraleedharan

വി മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്നു

 

ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തരമായ ഇടപെടലാണ് ഇന്ത്യക്കാരായ മുഴുവന്‍ ആളുകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ വഴിയൊരുക്കിയത്. സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളായ എല്ലാവരെയും പോള്‍ട്ടോവയില്‍ എത്തിച്ചു. സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നെന്നും വിദ്യാര്‍ഥികശെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും മുരളീധരന്‍ പറഞ്ഞു.

യുദ്ധഭൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടി എന്നത് ശരിയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത് അവരുടെ സുരക്ഷയ്ക്കാണ്. ഇതേ ചൊല്ലി പലതരത്തിലുള്ള വിമര്‍ശനം ഉണ്ടായിട്ടുണ്ട്. അതിന് ആ സമയത്ത് മറുപടി നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല. വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും സുരക്ഷാദൗത്യം മറ്റൊരു ഭാഗത്തു നടത്തിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സുമിയില്‍ നിന്നുള്ളവര്‍ കൂടി രാജ്യത്തേയ്ക്ക് തിരിച്ചെത്തുന്നതോടെ ഓപ്പറേഷന്‍ ഗംഗ അവസാനിക്കും. യുക്രൈനിലുള്ള ഇന്ത്യക്കാരോട് ഫെബ്രുവരി 15, 20, 22 തീയതികളില്‍ തിരികെ വരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ജനുവരിയില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സൂചന നല്‍കിയതാണ്. എന്നാല്‍ രണ്ട് കാരണങ്ങളാല്‍ കുട്ടികള്‍ വന്നില്ല. ഒന്ന് സര്‍വ്വകലാശാലകള്‍ ഓണ്‍ലൈനിലൂടെ പഠിപ്പിക്കാന്‍ സന്നദ്ധരായിരുന്നില്ല. രണ്ട് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാര്‍ വിവരങ്ങള്‍ കൈമാറിയില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.