ജീവിതശൈലീ രോഗികൾക്ക് ഇനിമുതൽ വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോർജ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th March 2022 08:04 AM  |  

Last Updated: 10th March 2022 08:04 AM  |   A+A-   |  

veena george

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ ജീവിതശൈലീ രോഗികൾക്ക് വൃക്കരോഗ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉയർന്ന രക്താദിമർദവും പ്രമേഹവുമായി എൻസിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികൾക്കും വൃക്ക രോഗവും പരിശോധിക്കും.  ഒരു വർഷം കൊണ്ട് തന്നെ കേരളത്തിൽ എൻസിഡി ക്ലിനിക്കുകളിൽ എൻസിഡി ഫണ്ടുപയോഗിച്ച് ക്രിയാറ്റിനും ആൽബുമിനും പരിശോധിക്കാനുള്ള സംവിധാനമൊരുക്കും.

ഇതിനായുള്ള നിർദ്ദേശം ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്. ഇങ്ങനെ വൃക്ക രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് മെഡിക്കൽ കോളേജുകളുടേയും നെഫ്രോളജി വിഭാഗത്തിന്റേയും പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളുടെ ഭാഗമായി നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ക്ലിനിക്കുകളിലൂടെയും ക്യാമ്പുകളിലൂടെയും വൃക്ക രോഗികളെ കണ്ടെത്തും.

ക്ലിനിക്കുകൾ വഴി നേരിട്ടോ ഇ സഞ്ജീവിനി വഴിയോ ആയിരിക്കും ഇത്തരം കൺസൾട്ടേഷൻ നടത്തുക. ജീവിതശൈലി രോഗികളുടെ വൃക്ക പരിശോധന നേരത്തെ നടത്തുന്നതിലൂടെ ഗുരുതര വൃക്ക രോഗത്തിലേക്ക് പോകുന്നത് തടയാനും ഡയാലിസിസ്, വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ എന്നിവയിൽ നിന്നും അവരെ രക്ഷിക്കാനും സാധിക്കും. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താദിമർദം എന്നിവ വർധിക്കുന്നതിന് ആനുപാതികമായിട്ടാണ് വൃക്കരോഗവും വർദ്ധിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വൃക്കരോഗം നേരത്തെ കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്ത് ഡയാലിസിസ് വേണ്ടി വരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റി വയ്ക്കേണ്ട രോഗികളുടെ എണ്ണവും വളരെയേറെ വർധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴിൽ പ്രതിമാസം നാൽപതിനായിരത്തോളം ഡയാലിസിസ് സെഷനുകളാണ് നടക്കുന്നത്. ഇതുകൂടാതെ മെഡിക്കൽ കോളേജുകളിൽ 10,000ത്തോളം ഡയാലിസിസുകളും നടക്കുന്നുണ്ട്. മെഡിക്കൽ കോളേജുകൾക്ക് പുറമേ 92 ആശുപത്രികളിൽ ആരോഗ്യവകുപ്പിന് കീഴിൽ ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാണ്.

ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാന വ്യാപകമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗുരുതര വൃക്ക രോഗങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വളരെ കുറവ് വരുത്താനാണ് സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.