5 ജി വിപ്ലവത്തില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കും; ലീഡര്‍ഷിപ്പ് പാക്കേജ് തയ്യാറാക്കും; നാല് ഐടി ഇടനാഴികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 12:40 PM  |  

Last Updated: 11th March 2022 12:40 PM  |   A+A-   |  

5g

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആഗോള തലത്തില്‍ നടക്കുന്ന 5 ജി വിപ്ലവത്തില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് സര്‍ക്കാര്‍. 5 ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടു വരുന്നതിനും സേവന രംഗത്ത് അതിദ്രുതം മുന്നിലെത്തുന്നതിനും വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 

5 ജി വിപ്ലവത്തിന്റെ മുന്‍നിരയില്‍ എത്താന്‍ ഉതകുന്ന സവിശേഷ ഘടകള്‍ സംസ്ഥാനത്തുണ്ട്. ഇന്റര്‍നെറ്റ് മൊബൈല്‍ വ്യാപനത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും മുന്നിലാണ് കേരളം. എതാണ്ട് 60 ശതമാനം പേര്‍ക്കും സ്മാര്‍ട്ട്‌ഫോണുകളുണ്ട്. സംസ്ഥാനത്തിന്റെ 100 ശതമാനം പ്രദേശങ്ങളിലും മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സേവനം ലഭ്യമാണ്. 

കെ ഫോണ്‍ കമ്മീഷന്‍ ചെയ്യുന്നതോടെ ഏറ്റവും ഉയര്‍ന്ന അതിവേഗ ഫൈബര്‍ ഡാറ്റ കണക്ടിവിറ്റിയുള്ള സംസ്ഥാനമായി കേരളം മാറും. 5 ജു ടവറുകളെ ബന്ധിപ്പിക്കുന്ന കെ ഫോണ്‍ ബാക്ക്‌ബോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 

ഈ ആവശ്യത്തിനായി കെ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക വിലനിര്‍ണയ മോഡല്‍ തയ്യാറാക്കുക, ദ്രുത അനുമതികളിലൂടെ ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണം സുഗമമാക്കുക, മിതമായ നിരക്കില്‍ ആന്റിന വിന്യാസത്തിനായി സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുക, നിശ്ചിത കാലയളവിലേക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് ഇനത്തില്‍ മിതമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുക എന്നിവ ഉള്‍പ്പെടുന്ന പാക്കേജ് തയ്യാറാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 

തിരുവനന്തപുരം-കൊല്ലം, എറണാകുളം-കൊരട്ടി, എണാകുളം-ചേര്‍ത്തല, കോഴിക്കോട്- കണ്ണൂര്‍ എന്നിവിടങ്ങളിലെ വിപുലീകൃത ഐടി ഇടനാഴികളിലാണ് 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് ആദ്യം അവതരിപ്പിക്കുക. പാക്കേജ് തയ്യാറാക്കുന്നതിനായി ഐടി-ഊര്‍ജ്ജ-ധനകാര്യ സെക്രട്ടറിമാരുടെ ഉന്നതതല സമിതി രൂപീകരിക്കും. 

ഐടി ഇടനാഴികളുടെ വിപുലീകരണം വേഗത്തിലാക്കും. എന്‍.എച്ച് 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്, കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി ഐടി പാര്‍ക്കും തുടങ്ങും. കെ ഫോണിന്റെ അതിവേഗ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ വഴി ഐടി ഇടനാഴിയിലൂടെ പാര്‍ക്കുകള്‍ തമ്മിലുള്ള കണക്ടിവിറ്റി ഉറപ്പുവരുത്തും. ഐടി അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.