ഭാര്യ മറ്റൊരാൾക്കൊപ്പം കിടപ്പുമുറിയിൽ; പട്ടികവടി കൊണ്ട് അടിച്ച് കൊന്നു, പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും , വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 09:05 PM  |  

Last Updated: 11th March 2022 09:05 PM  |   A+A-   |  

husband_killed_wife

ബിനു ഓറോണ്‍

 

തൃശൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ബിനു ഓറോണ്‍ (39) എന്നയാളാണ് പ്രതി. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എസ് രാജീവ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം.

2018 നവംബർ ആറിന് രാവിലെ 8 മണിയോടെ പുത്തന്‍ചിറയിലുള്ള കരിങ്ങാച്ചിറ പേന്‍ തുരുത്ത് റോഡില്‍ നിക്‌സ എന്നയാളുടെ ഫാമിനോടു ചേര്‍ന്നുള്ള വീട്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും ഭാര്യയും താമസിച്ചിരുന്ന വീട്ടിൽ ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ പ്രതി മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ അന്വേഷിച്ചു നടക്കവെ ഫാമിലെ കോമ്പൗണ്ടിനകത്തുള്ള വീടിന്റെ കിടപ്പുമുറിയില്‍ ഭാര്യയെയും ബുദ്ധുവ ഓറം (അരുണ്‍) എന്നയാളെയും കണ്ടതോടെ പ്രതി പ്രകോപിതനായി. മുന്‍വശത്തെ ജനലിലൂടെ കൈയിട്ട് ഭാര്യയുടെ കാലില്‍ പിടിച്ചു വലിച്ചു.  പട്ടികവടി എടുത്തു വാതിൽ തുറന്ന് അകത്തുകടന്ന പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. തടുക്കാന്‍ ശ്രമിച്ച അരുണിനെയും ഇയാൾ മർദ്ദിച്ചു. 

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസില്‍ പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.