അടുക്കളയില്‍ നില്‍ക്കെ വാതില്‍ ചവിട്ടിത്തുറന്നെത്തി, ഉപദ്രവിക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍; ജോണ്‍ ബിനോയിക്കെതിരെ വെളിപ്പെടുത്തലുമായി ഡിക്‌സി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 08:47 AM  |  

Last Updated: 11th March 2022 08:47 AM  |   A+A-   |  

john binoy dcruz

മരിച്ച നോറ, പ്രതി ജോണ്‍ ബിനോയി/ ഫയല്‍

 


കൊച്ചി: കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍ ബിനോയി ഡിക്രൂസ് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങിയതെന്ന് കുട്ടിയുടെ അമ്മ ഡിക്‌സി. ഭര്‍ത്താവ് സജീവിന്റെ പാറക്കടവ് കോടുശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് ജോണ്‍ ബിനോയി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അടുക്കളയില്‍ നിന്നിരുന്ന തന്റെ അടുത്തേക്ക് ജോണ്‍ ബിനോയി വാതില്‍ ചവിട്ടിത്തുറന്ന് കടന്നു വരികയായിരുന്നു.

ഭര്‍ത്താവ് സജീവ് വീട്ടിലുള്ള സമയത്തായിരുന്നു ആക്രമണം. ബഹളം കേട്ട് അയല്‍ക്കാരും ഓടിക്കൂടി. ഭര്‍ത്താവിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും അറിഞ്ഞില്ലെന്നും, ഉറങ്ങുകയാണെന്നുമാണ് പറഞ്ഞത്. ഈ സംഭവത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കറുകുറ്റിയിലെ സ്വന്തം വീട്ടിലേക്ക് പോന്നതെന്നും ഡിക്‌സി പറഞ്ഞു. 

കുട്ടികളെ കൂട്ടാതെയാണ് പോന്നത്. കുട്ടികളെ തരില്ലെന്ന് അവര്‍ പറഞ്ഞു. അങ്കമാലി പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് കുട്ടികളെ കിട്ടിയത്. ഈ സംഭവത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചു. രണ്ടുമാസം വാടകയ്ക്ക് താമസിച്ചപ്പോഴും, വാടക നല്‍കിയിരുന്നത് തന്റെ സ്വന്തം അമ്മ മേഴ്‌സിയാണെന്ന് ഡിക്‌സി പറഞ്ഞു. 

സജീവ് എടുത്ത രണ്ട് വായ്പകളുടെ ഗഡുക്കളും മേഴ്‌സിയാണ് നല്‍കിയിരുന്നത്. വിദേശത്ത് പോകുന്നതിന് തടസ്സമാകുമെന്ന് കരുതിയാണ് വിവാഹമോചനത്തിന് കേസ് കൊടുക്കാതിരുന്നത്. ഡിസംബറിലാണ് വിദേശത്തേക്ക് പോയത്. താന്‍ വിദേശത്തുപോയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കറുകുറ്റിയിലെ വീട്ടില്‍ നിന്നും കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊണ്ടുപോയി. 

കുട്ടികളെ നോക്കുന്നതിന് പണം ആവശ്യപ്പെട്ടും മറ്റും, താന്‍ വിദേശത്തുപോയി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സജീവ് ഫോണില്‍ വിളിക്കാന്‍ തുടങ്ങിയെന്നും ഡിക്‌സി പറയുന്നു. ബന്ധുവിന്റെ മനസ്സമ്മതത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ജനുവരി മാസം ആദ്യം കുട്ടികളെ കറുകുറ്റിയിലെ വീട്ടില്‍ കൊണ്ടു വന്നിരുന്നു. ജോണ്‍ ബിനോയിയും സിപ്‌സിയുമെത്തിയാണ് കുട്ടികളെ തിരികെ കൊണ്ടുപോയതെന്നും ഡിക്‌സി പറഞ്ഞു.