നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ജയിൽ മോചിതനായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 07:26 PM  |  

Last Updated: 11th March 2022 07:26 PM  |   A+A-   |  

martin_antony_actress_abduction_case

മാർട്ടിൻ ആന്റണി

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി ജയിൽ മോചിതനായി. ബുധനാഴ്ച സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് മാർട്ടിൻ ജയിൽ മോചിതനായത്. ജാമ്യം അനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

അഞ്ച് വർഷത്തിനുശേഷമാണ് ഇയാൾ ജയിൽ മോചിതനാകുന്നത്. വധഗൂഡാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. അതേസമയം കേസിൽ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ, മാർട്ടിൻ ആന്റണിക്കും ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് നിർദേശിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. നടൻ ദിലീപ് പ്രതിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ക്രൈംബ്രാഞ്ച് സമർപ്പിച്ച ശാസ്ത്രീയപരിശോധനാ റിപ്പോർട്ടിന് മറുപടി നൽകാൻ സാവകാശം അനുവദിക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.