നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം ഇടപെടണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 02:59 PM  |  

Last Updated: 12th March 2022 02:59 PM  |   A+A-   |  

nimisha_priya

നിമിഷപ്രിയ

 

ന്യൂഡൽഹി: യമനിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഡൽഹി ഹൈക്കോടതിയിൽ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 

നിമിഷപ്രിയയുടെ വധ ശിക്ഷ ഒഴിവാക്കുന്നതിന് യമൻ പൗരന്റെ ബന്ധുക്കൾക്ക് നൽകേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2017ൽ യമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധ ശിക്ഷയിൽ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നൽകിയ ഹർജി യമനിലെ അപ്പീൽ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കുമെങ്കിലും അതിൽ വലിയ പ്രതീക്ഷ നിയമ വിദഗ്ധർ കാണുന്നില്ല. കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത.

എന്നാൽ സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കുണ്ട്. അതിനാൽ നിമിഷപ്രിയയുടെ ബന്ധുക്കൾക്കോ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യമനിലേക്ക് പോകാൻ കഴിയുന്നില്ല. 

ഇക്കാരണത്താൽ യമൻ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നു ഹർജിയിൽ വ്യക്തമാക്കുന്നു. ബ്ലഡ് മണി സ്വീകരിക്കാമെന്ന് യമൻ പൗരന്റെ ബന്ധുക്കൾ അറിയിച്ചാലും, ആ പണം നിലവിൽ കൈമാറാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. യമനിലേക്ക് പണം കൈമാറുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കാണ് ഇതിന് തടസമായി നിൽക്കുന്നത്.