അനർഹരാണെങ്കിൽ മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണം, 31 വരെ സമയം; പിന്നെ പിഴ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 08:23 AM  |  

Last Updated: 14th March 2022 08:23 AM  |   A+A-   |  

ration card updation

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർ അവ സ്വമേധയാ സറണ്ടർ ചെയ്യാനുള്ള സമയപരിധി ഈ മാസം 31നു അവസാനിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഏപ്രിൽ മുതൽ ഇത്തരക്കാ‍ർക്കു പിഴയും ശിക്ഷയും ചുമത്തുമെന്നും അറിയിച്ചു. അനർഹമായി കൈവശം വച്ചിരുന്ന 1,69,291 കാർഡുകൾ ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടുണ്ട്. ഇവ അർഹരായ 1,53,254 പേർക്കു നൽകി.

135 റേഷൻ കടകളുടെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്. 13 പുതിയ റേഷൻകടകൾ ആരംഭിച്ചു. കോവിഡ് ബാധിച്ചു മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതരെ ലൈസൻസി ആക്കുന്നതിന് എസ്എസ്എൽസി പാസാകണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.  

ഉപഭോക്തൃ ദിനമായ നാളെ പൊതുവിതരണ വകുപ്പിന്റെ പദ്ധതികളുടെ ഉ​ദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനത്തിനു പുറമേ എഫ്പിഎസ് മൊബൈൽ ആപ്, ജിപിഎസ് ട്രാക്കിങ് എന്നിവയുടെ ഉദ്ഘാടനം  നാളെ നടക്കും. ഓരോ കടയിലും റേഷനിങ് ഇൻസ്പെക്ടർമാർ നടത്തുന്ന പരിശോധനാ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം ലഭ്യമാക്കുന്നതിനാണ് എഫ്പിഎസ്.